വൈറലായ സേവ് ദി ഡേറ്റ് വീഡിയോക്ക് പിന്നിലെ പ്രേക്ഷകർ അറിയാത്ത കഥ പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും. ഇരുവരുടെയും ഹൽദി ആഘോഷ വേളയിലാണ് സേവ് ദി ഡേറ്റ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്.
സേവ് ദി ഡേറ്റ് വീഡിയോ വൈറലായിരുന്നല്ലോ എന്ന് ചോദിച്ച ആരാധകനോട് വൈറലായതല്ല ഞാൻ എയറിലായിരുന്നു അറിഞ്ഞായിരുന്നോ എന്നായിരുന്നു ശ്രീവിദ്യ ചോദിച്ചത്. വീഡിയോ വാട്ടർ ബെഡിൽ ചിത്രീകരിക്കാമെന്ന പ്ലാൻ ഷൂട്ട് ചെയ്തവരുടേതായിരുന്നു. മലമ്പുഴ ഡാമിലെ അതിരാവിലെയുള്ള സൂര്യപ്രകാശത്തിൽ ചിത്രങ്ങൾ എടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
അമ്മയുടെ ഷോയ്‌ക്ക് ശേഷം നേരെ പാലക്കാട്ടേക്ക് പോവുകയായിരുന്നു. അതിനാൽ ഡ്രസ്സ് ട്രയൽ നോക്കാനുള്ള സമയം കിട്ടിയിരുന്നില്ലെന്ന് ശ്രീവിദ്യ വെളിപ്പെടുത്തി. തന്നെ അത്തരം വസ്ത്രങ്ങളിൽ ആളുകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാകാം ഇങ്ങനെ എന്നും താരം പ്രതികരിച്ചു. ഡ്രെസ്സ് പ്രശ്നമാകുമോ എന്ന് പലതവണ ചോദിച്ചിരുന്നു. വീഡിയോ ചിത്രീകരിച്ചപ്പോൾ മഴ പെയ്തതും ഒരു പ്രശ്നമായിരുന്നെന്ന് ശ്രീവിദ്യ പറഞ്ഞു.
ഇരുവരുടെയും റൊമാന്റിക് നിമിഷങ്ങൾ അതിമനോഹരമായി പകർത്തിയ വീഡിയോയിൽ പലരും ചർച്ചയാക്കിയത് ശ്രീവിദ്യയുടെ മോഡേൺ വസ്ത്ര ധാരണമായിരുന്നു. മെറൂൺ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും സേവ് ദി ഡേറ്റിനായി തിരഞ്ഞെടുത്തത്. വൺ സൈഡ് സ്ലിറ്റുള്ള സ്ലീവ് ലെസ്സ് മോഡേൺ ഗൗണാണ് ശ്രീവിദ്യ ധരിച്ചിരുന്നത്. മെറൂണിൽ പ്രിന്റഡ് ഡിസൈനുള്ള ഷർട്ടും വെള്ള പാന്റ്സുമായിരുന്നു രാഹുലിന്റെ വേഷം. നദിയിൽ വാട്ടർ ബെഡിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ വളരെ പെട്ടന്ന് വൈറലായി മാറി.