ന്യൂഡൽഹി: ആർഎസ്എസിനെതിരായ കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മരിച്ചയാളുമായി ബന്ധപ്പെടാൻ എന്തെങ്കിലും സാങ്കേതികവിദ്യയുണ്ടെങ്കിൽ ആർഎസ്എസിന്റെ പങ്കിനെക്കുറിച്ച് രാഹുൽ തന്റെ മുത്തശ്ശിയോട് (ഇന്ദിരാഗാന്ധി) ചോദിക്കണമെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. കോൺഗ്രസ് നേതാവ് യുഎസിലെ ഇന്ത്യൻ സമൂഹത്തോട് നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസ് ഇന്ത്യ ഒരു ആശയമാണെന്നാണ് വിശ്വസിക്കുന്നതെന്നും എന്നാൽ കോൺഗ്രസ് ഇതിനെ ഒന്നിലധികം ആശയങ്ങളുടെ ബഹുസ്വരതയായാണ് കണക്കാക്കുന്നതെന്നുമായിരുന്നു രാഹുൽ യുഎസിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ബിജെപി നേതാവ് ശക്തമായ ഭാഷയിൽ ഇതിനു മറുപടി നൽകിയത്.
തന്റെ മുത്തശ്ശി പാകിസ്താനെതിരെ നിർണായക പോരാട്ടം നടത്തുന്ന സമയത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് യാതൊരു ധാരണയുമില്ലെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. “മരിച്ചയാളുമായി ബന്ധപ്പെടാൻ എന്തെങ്കിലും സാങ്കേതികവിദ്യയുണ്ടെങ്കിൽ അക്കാലത്തെ ആർഎസ്എസിന്റെ പങ്കിനെക്കുറിച്ച് രാഹുൽ മുത്തശ്ശിയോട് ചോദിക്കണം. അല്ലെങ്കിൽ ചരിത്ര പുസ്തകങ്ങൾ നോക്കണം,”അദ്ദേഹം പറഞ്ഞു.
ആർഎസ്എസിനെ മനസ്സിലാക്കാൻ രാഹുലിന് നിരവധി ജീവിതങ്ങൾ വേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദേശത്ത് പോയി രാജ്യത്തെ വിമർശിക്കുന്ന ചതിയന്മാർക്ക് ആർഎസ്എസിനെ മനസ്സിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നുമാണ് ആർഎസ്എസ് പിറവിയെടുത്തത്,” ഗിരിരാജ് സിംഗ് പറഞ്ഞു.















