ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ചടങ്ങുകളും ശ്രീവിദ്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. ഇതിലൂടെയാണ് ‘അരി തിരിക്കൽ’ ചടങ്ങിനെ കുറിച്ച് കേരളം മുഴുവൻ അറിഞ്ഞത്. കല്യാണത്തിന് എറണാകുളത്തേക്ക് പോകുമെന്നും അതിന് മുമ്പ് വീട്ടിൽ എന്റെ അരി തിരിക്കലാണെന്നും ശ്രീവിദ്യ പറയുന്നുണ്ട്. കാസർകോട് പെരുമ്പള സ്വദേശിനിയാണ് ശ്രീവിദ്യ.
എന്താണ് അരി തിരിക്കൽ…..
മലബാർ ഭാഗത്ത് പ്രത്യേകിച്ചും കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ ചടങ്ങ് നടത്തുന്നത്. വീട്ടിലുള്ള മുതിർന്നവരും അടുത്ത ബന്ധുക്കളും തലയിൽ അരിയിട്ട് അനുഗ്രഹിക്കുന്ന ചടങ്ങാണിത്. വിവാഹം, ജന്മദിനം തുടങ്ങി ജീവിത്തിലെ വിശേഷ ദിവസങ്ങളിൽ വീടുകളിൽ അരിതിരിക്കും. വിവാഹ ദിവസം വധുവും വരനും വേദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സ്വന്തം വീട്ടിൽ വെച്ച് അരിതിരിച്ച് അനുഗ്രഹിക്കും.
നിലത്ത് പായയിലാണ് വധു ഇരിക്കുക. സമീപത്ത് എഴ് തിരിയിട്ട വിളക്ക് കത്തിക്കും ഒപ്പം നാഴിയിൽ അരിയും നിറച്ച് വെക്കും. മുതിർന്നവർ സ്ഥാന പ്രകാരം വന്ന് തലയിൽ അരി നുള്ളിയിച്ച് പ്രാർത്ഥിച്ച് അനുഗ്രഹിക്കും. ഒപ്പം സ്വർണവും പണവും അടക്കമുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്യും. ഇതേസമയം വധു മുതിർന്നവരുടെ കാൽ തൊട്ട് തൊഴുത് അനുഗ്രഹം വാങ്ങുകയും ചെയ്യും. മലബാർ മേഖലിൽ വിവാഹ വേദിയിൽ വച്ച് വരനും വധുവിനും അരിതിരിക്കാറുണ്ട്. വിവാഹത്തിന് പുറമേ ജന്മദിനം, നൂലുകെട്ട്, ആദ്യക്ഷരം കുറിക്കൽ, വിദേശയാത്ര തുടങ്ങി എന്ത് വിശേഷ അവസരങ്ങളിലും മലബാറുകാർ അരിതിരിക്കും.















