റിലീസ് ദിവസം വമ്പൻ ഓപ്പണിംഗ് ലഭിച്ച വിജയിയുടെ GOAT ന് പിന്നീട് ബോക്സോഫീസിൽ കിതപ്പ്. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 44 കോടി നേടിയ ചിത്രത്തിന് രണ്ടാം ദിനത്തിൽ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 25.5 കോടിയെ നേടാനായുള്ളു. അതേസമയം അഞ്ചു ദിവസം പിന്നിടുമ്പോൾ വരുമാനത്തിൽ 57 ശതമാനത്തിൻ്റ ഇടിവാണുണ്ടായതെന്ന് സാക്നിൽക് കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ന് ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് 154.57 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. തിങ്കളാഴ്ച 14.75 കോടി രൂപയാണ് ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് നേടാനായത്. ഞായറാഴ്ച ചിത്രത്തിന് നേരിയ മെച്ചമുണ്ടാക്കാനായിരുന്നെങ്കിലും പിന്നീട് കിതയ്‌ക്കുകയായിരുന്നു.
അതേസമയം ആഗോള തലത്തിൽ 303 കോടിയാണ് കളക്ഷൻ. വരും ദിവസങ്ങളിൽ ചിത്രം വീണ്ടും കൂപ്പുക്കുത്തുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 400 കോടി രൂപയിലേറെയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. മുടക്കുമുതൽ ബോക്സോഫീസിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ദളപതിയും സംഘവും.എജിഎസ് എൻ്റർടൈൻമെൻ്റിന്റെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ഇന്ന് ഉച്ചവരെ ഇന്ത്യയിൽ നിന്ന് 2.82 കോടി രൂപയാണ് കളക്ഷൻ നേടാനായത്. തമിഴ് നാട്ടിലും ബെഗളൂരുവിലുമാണി ചിത്രത്തിന് അധികം ഷോകളുള്ളത്.