ന്യൂഡൽഹി: സഞ്ചാർ സാഥി പോർട്ടലിലൂടെ ഇന്ത്യയിൽ ഇതുവരെ വിച്ഛേദിച്ചത് ഒരു കോടി വ്യാജ മൊബൈൽ കണക്ഷനുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 3.5 ലക്ഷത്തിലധികം നമ്പറുകളാണ് വിച്ഛേദിച്ചത്. 50 സ്ഥാപനങ്ങളെ കരിമ്പട്ടികയിലും ഉൾപ്പെടുത്തിയതായി വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.
സ്പാം കോളുകൾ തടയുക, മുൻകൂട്ടി റെക്കോർഡ് ചെയ്ത കോളുകൾ ഉൾപ്പടെയുള്ള ബൾക്ക് കണക്ഷനുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ വിച്ഛേദിക്കാനും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനും ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകി. സ്പാം കോളുകൾ ഒഴിവാക്കി ഗുണനിലവാരമുള്ള ടെലികോം സേവനം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ട്രായ് അറിയിച്ചു.
മൊബൈൽ ഉപഭോക്തക്കൾക്ക് സുരക്ഷ ഉറപ്പുനൽകുന്ന കേന്ദ്ര സർക്കാരിന്റെ വെബ് പോർട്ടലാണ് ‘സഞ്ചാർ സാഥി’ പോർട്ടൽ. തങ്ങളുടെ പേരിൽ വ്യാജ സിം കാർഡുകൾ എടുത്തിട്ടുണ്ടോയെന്നറിയാനും അവയെ തടയാനും പോർട്ടൽ സഹായിക്കും. ഇതുവരെ ഒരു കോടിയോളം വ്യാജ കണക്ഷനുകൾ വിച്ഛേദിച്ചതിന് പുറമേ സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളും നടത്തിയിരുന്ന 2.27 ലക്ഷം മൊബൈൽ ഹാൻഡ്സെ്റുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മേയിലാണ് സഞ്ചാർ സാഥി പോർട്ടൽ അവതരിപ്പിക്കുന്നത്. ഉപയോക്താവിന്റെ പേരിൽ മറ്റാരെങ്കിലും സിം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സഞ്ചാരി സഥിയുടെ സഹായത്തോടെ അവ ബ്ലോക്ക് ചെയ്യാൻ സാധിക്കും. സൈബർ തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനും സിം എടുക്കുന്ന സമയത്ത് സമർപ്പിച്ച രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും പോർട്ടൽ സഹായിക്കുന്നു.