ന്യൂയോർക്ക്: താൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നില്ലെങ്കിൽ ഇസ്രായേൽ ഹമാസ് യുദ്ധം ഒരിക്കലും നടക്കുമായിരുന്നില്ലെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. കമല ഹാരിസ് ഇക്കുറി വിജയിച്ചാൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്നും ട്രംപ് പറയുന്നു. കമല ഹാരിസിന് ജൂതന്മാരെ വെറുപ്പാണെന്നും ട്രംപ് വിമർശിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിലാഡൽഫിയയിൽ നടന്ന സംവാദത്തിനിടെയാണ് ട്രംപിന്റെ വിമർശനം.
” ഇസ്രായേലിനെ അങ്ങേയറ്റം വെറുക്കുന്ന ഒരാളാണ് കമല. അവർ പ്രസിഡന്റ് ആയാൽ രണ്ട് വർഷത്തിൽ കൂടുതൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതേപോലെ അറബ് ജനതയയേും അവർ വെറുക്കുന്നു. താൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ഇത്രയധികം ഉണ്ടായിരുന്നില്ലെന്നും, മേഖല ശാന്തമായിരുന്നുവെന്നും” ട്രംപ് അവകാശപ്പെട്ടു.
എന്നാൽ ട്രംപ് യാഥാർത്ഥ്യത്തെ മറച്ചുവച്ചു കൊണ്ടാണ് സംസാരിക്കുന്നതെന്ന് കമല ഹാരിസ് പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും, ഈ നിലപാടാണ് എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും കമല ഹാരിസ് വ്യക്തമാക്കി. ” ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ യുദ്ധം അവസാനിപ്പിക്കണമെന്നത് മാത്രമാണ് നിലപാട്. യുദ്ധം അവസാനിക്കണമെങ്കിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കണം. അതിനായി ബന്ദികളായവരെ ഹമാസ് വിട്ടയയ്‌ക്കുകയും വേണം. ട്രംപ് എപ്പോഴും സ്വേച്ഛാധിപതികളെയാണ് ആരാധിക്കുന്നത്. അവരെപ്പോലെ ആകാനാണ് ട്രംപിന്റെ ശ്രമമെന്നും” കമല ഹാരിസ് ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ-റഷ്യ യുദ്ധം സംബന്ധിച്ചും ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ തിരിച്ചെത്താനായാൽ 24 മണിക്കൂറിനുള്ളിൽ തന്നെ തർക്കം പരിഹരിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ” യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം ലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. റഷ്യൻ പ്രസിഡന്റുമായും യുക്രെയ്‌നിന്റെ സെലൻസ്‌കിയുമായും ഞാൻ നല്ല ബന്ധമാണ് പുലർത്തുന്നത്. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരത്തിന് തനിക്ക് സാധിക്കുമെന്നും” ട്രംപ് പറഞ്ഞു.















