വയനാട്: നേരം പുലരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അട്ടമലയെയും ചൂരൽ മലയെയും ഇളക്കിയെത്തിയ ഉരുൾ മുണ്ടക്കൈയെന്ന ഗ്രാമത്തെ ഒറ്റ രാത്രി കൊണ്ടാണ് ഇല്ലാതാക്കിയത്. ആ കൂട്ടത്തിൽ ശ്രുതിക്ക് മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായി. താങ്ങും തണലുമായി പിന്നീട് കൂട്ടിനുണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസൻ മാത്രമായിരുന്നു. എന്നാൽ വിധി വീണ്ടും ശ്രുതിയെ ഒറ്റയ്‌ക്കാക്കാൻ ശ്രമിക്കുകയാണ്.
ഇന്നലെ വൈകിട്ട് വെള്ളാരംകുന്നിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ശ്രുതിക്കും ജെൻസനും പരിക്കേറ്റു. ബസും വാനും കൂട്ടിയിടിച്ചാണ് അപകടം. വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനും ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രുതിയെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെൻസന്റെ ജീവൻ നിലനിർത്തുന്നത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻ ഭാഗം മുഴുവൻ തകർന്നു. വാഹനത്തിന്റെ മുൻഭാഗത്തായിരുന്നു ജെൻസൻ ഇരുന്നത്. ശ്രുതിയുടെ ബന്ധുവിന്റെ മകളായ ലാവണ്യയ്‌ക്കും പരിക്കേറ്റു. ഉരുൾപൊട്ടലിൽ ശ്രുതിയെ പോലെ ലാവണ്യയ്‌ക്കും മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു.