എറണാകുളം: വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ചാനൽ ചർച്ചയ്ക്കിടെയാണ് വാളയാർ പെൺകുട്ടികളെ കുറിച്ച് എം.ജെ. സോജൻ മോശം പരാമർശം നടത്തിയത്. ഉദ്യോഗസ്ഥനെതിരെ മാത്രമല്ല, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാദ്ധ്യമ സ്ഥാപനത്തിനെതിരെയും കേസ് എടുക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 24 ന്യൂസ് ചാനലിനെതിരെയാണ് ഹൈക്കോടതിയുടെ പരാമർശം.
ഉത്തരവിന്റെ പകർപ്പ് ഡിജിപിയ്ക്ക് അയച്ചുകൊടുക്കണമെന്ന് കോടതി നിർദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി മാദ്ധ്യമ സ്ഥാപനത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിട്ടിട്ടിണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നതിന്റെ ആധികാരികത ഉറപ്പ് വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം ചാനൽ പ്രചരിപ്പിച്ചതിനാണ് കോടതിയുടെ ഇടപെടലുണ്ടായത്. ചാനലിനെതിരെ പോക്സോ കേസ് ചുമത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.