മുംബൈ: പ്രെസ്ബയോപിയയ്‌ക്ക് തുള്ളിമരുന്നിലൂടെ പരിഹാരം കണ്ടെത്താമെന്ന വ്യാജ അവകാശവാദം, ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ നടപടിയുമായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഐ ഡ്രോപ്പ് നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള അനുമതി താൽക്കാലികമായി റദ്ദാക്കി.
മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽസിനെതിരെയാണ് നടപടി. പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽ റൂൾസ്- 2019 പ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ച്, സെൻട്രൽ ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് അനുമതി നേടിയിട്ടില്ലാത്ത ഉൽപ്പന്നത്തിന് കമ്പനി അവകാശവാദം ഉന്നയിച്ചതായി ഡിസിജിഐ പറഞ്ഞു.
മുതിർന്നവരിലെ പ്രെസ്ബയോപിയ ചികിത്സയ്‌ക്കായി പൈലോകാർപൈൻ ഹൈഡ്രോക്ലോറൈഡ് ഒഫ്താൽമിക് സൊല്യൂഷന്റെ നിർമ്മാണത്തിനും വിപണനത്തിനും ഓഗസ്റ്റ് 20 ന് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ പ്രെസ്ബയോപിയയ്‌ക്ക് സമ്പൂർണ്ണ പരിഹാരം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ ഡ്രോപ്സ് എന്ന അവകാശ വാദവുമായി കമ്പനി രംഗത്തെത്തി. ഇത് ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയാവുകയും ചെയ്തു. കമ്പനിയുടെ അവകാശവാദം പൊതുജനങ്ങൾ തെറ്റിദ്ധരിക്കുന്നതാണെന്ന് ഡിസിജിഐ ഉത്തരവിൽ പറയുന്നു.
വർഷങ്ങളോളം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഈ ഐ ഡ്രോപ്സ് വികസിപ്പിച്ചതെന്നും ഇത് വെറുമൊരു ഉത്പന്നമല്ല മറിച്ച് നിരവധിപേരുടെ കാഴ്ചാപ്രശ്നങ്ങൾ പരിഹരിക്കുന്ന മരുന്നാണെന്നും എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ. നിഖിൽ കെ മസുർകർ അവകാശപ്പെട്ടിരുന്നത്. 350 രൂപയ്‌ക്ക് ഒക്ടോബറോടെ മരുന്ന് വിപണിയിൽ എത്തുമെന്നാണ് കമ്പനി മാദ്ധ്യമങ്ങളോട് പറഞ്ഞത്.