തിരുവനന്തപുരം: ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനെ അടിച്ചുവീഴ്‌ത്തി ജയം പിടിച്ചെടുത്ത് അദാനി ട്രിവാന്‍ഡ്രം റോയല്‍സ്. എട്ടു വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ മുന്നോട്ടുവെച്ച 130 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ ട്രിവാന്‍ഡ്രം മറികടന്നു. എം.എസ് അഖില്‍ പുറത്താകാതെ 37 പന്തില്‍ 54 റണ്‍സ് നേടി ട്രിവാന്‍ഡ്രത്തിന്റെ വിജയത്തിന് അടിത്തറ പാകി. ഗോവിന്ദ് പൈ 23 പന്തില്‍ നിന്നു പുറത്താകാതെ 30 റണ്‍സ് നേടി. 26 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ഓപ്പണര്‍ റിയാ ബഷീറിന്റെയും 22 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ എസ്.സുബിന്റെയും വിക്കറ്റുകള്‍ മാത്രമാണ് ട്രിവാന്‍ഡ്രത്തിന് നഷ്ടമായത്.
മഴയെ തുടർന്ന് വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് തൃശൂരിനെ ബാറ്റിംഗിനയച്ചു. തൃശൂരിന്റെ ഓപ്പണര്‍ ആനന്ദ് സാഗര്‍ നേരിട്ട ആദ്യപന്തില്‍തന്നെ പുറത്തായി. 38 റൺസിനിടെ തൃശൂരിന്റെ മൂന്നു വിക്കറ്റ് നഷ്ടമായി. 16-ാം ഓവർ വരെ പിടിച്ചുനിന്ന ക്യാപ്റ്റൻ വരുണ്‍ നായനാരെ എന്‍. ശ്രീഹരിയുടെ പന്തില്‍ കീപ്പര്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. 38 പന്തില്‍നിന്ന് 28 റണ്‍സായിരുന്നു വരുണിന്റെ സമ്പാദ്യം. 21 പന്തില്‍ നിന്ന് പുറത്താകാത 35 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് ടോപ് സ്‌കോറര്‍. നിശ്ചിത ഓവറില്‍ ആറിന് 129 എന്ന സ്‌കോറില്‍ തൃശൂര്‍ ചുരുട്ടാൻ തിരുവനന്തപുരത്തിനായി. ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് സ്വന്തമാക്കി.