പ്രശസ്ത രാജസ്ഥാനി നാടോടി ഗായകൻ മംഗേ ഖാൻ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അടുത്തിടെയാണ് മംഗേ ഖാന്റെ ബൈപ്പാസ് സർജറി കഴിഞ്ഞത്. രാജസ്ഥാനി നാടോടി ബാൻഡായ ബാർമർ ബോയ്‌സ് എന്ന സംഗീത ഗ്രൂപ്പിന്റെ പ്രധാന ഗായകനായിരുന്നു അദ്ദേഹം.
അമരാസ് റെക്കോർഡിംഗ് കമ്പനിയാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ചത്. ഏറ്റവും മികച്ച രാജസ്ഥാനി ഗായകരിൽ ഒരാളാണ് മംഗേ ഖാൻ. അദ്ദേഹത്തിന്റെ ഈ വേർപാട് ഞങ്ങൾക്ക് വലിയ നഷ്ടമാണ്. പതിറ്റാണ്ടുകൾ നീണ്ട സംഗീതയാത്രയിൽ നിന്ന് അദ്ദേഹം പടിയിറങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഗാനം ലൈവായി കേട്ടിരുന്ന ഞങ്ങൾക്കിത് നികത്താനാകാത്ത വലിയ വിടവാണ് ഉണ്ടാക്കിയതെന്നും കമ്പനി ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു. . മംഗേ ഖാൻ ആലപിച്ച ഒരുപിടി ഗാനങ്ങളും പങ്കുവച്ചു.
2010-ലാണ് അമരാസ് റെക്കോർഡിനൊപ്പം ചേർന്ന് ഖാൻ സംഗീതയാത്രയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി വേദികൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എഴുതാനും വായിക്കാനും അറിയാത്ത ഈ ഗായകന് ലോകമെമ്പാടും ആരാധകരുമുണ്ട്. സൂഫി ഗാനങ്ങൾക്ക് പേരുകേട്ട മംഗേ ഖാൻ ലോകപ്രശസ്തരായ ഒട്ടനവധി കലാകാരന്മാരോടൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.