ബെംഗളൂരു: കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ ആക്രമണവുമായി മതതീവ്രവാദികൾ. ബദരീകൊപ്പലുവിൽ നിന്നും വിഗ്രഹങ്ങൾ നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് സമീപത്തെ മസ്ജിദിൽ നിന്ന് ഘോഷയാത്രയ്ക്ക് നേരെ കല്ലേറും ചെരിപ്പേറുമുണ്ടായത്. അക്രമികളും ഘോഷയാത്രയിൽ പങ്കെടുത്തവരുമായി ഏറ്റുമുട്ടലുണ്ടായതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിന്നാലെ ഘോഷയാത്രയിൽ പങ്കെടുത്തവർ ഗണേശ വിഗ്രഹവുമായി സമീപത്തെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. വിഗ്രഹം പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിക്കുകയും, അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സമാധാനപരമായി യാത്ര നടത്തുകയായിരുന്നുവെന്നും, പ്രകോപനമില്ലാതെ തങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഘോഷയാത്രയിൽ പങ്കെടുത്ത യുവാക്കൾ പറഞ്ഞു.
പ്രദേശത്ത് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി വലിയ രീതിയിൽ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിൽ ഗണേശ പൂജാ പന്തലിന് നേരെ ആക്രമണമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് കർണാടകയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തത്.
കോൺഗ്രസ് എല്ലായ്പ്പോഴും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇത്തരം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി വിമർശിച്ചു. നാഗമംഗലയിലുണ്ടായത് അങ്ങേയറ്റം അപലപനീയമായ സംഭവമാണെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. ” നാഗമംഗലയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണ്. സമാധാനപരമായി ഘോഷയാത്ര നടത്തിയ ഭക്തരെയാണ് ഒരു കൂട്ടം മതതീവ്രവാദികൾ ആക്രമിച്ചത്. സമാധാന അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണിത്. ഗണപതി ഭഗവാന്റെ ഘോഷയാത്രയ്ക്കിടയിലാണ് സാധാരണക്കാരായ ആളുകൾക്കും പൊലീസിനും നേരെ ചെരിപ്പേറും കല്ലേറും ഉണ്ടായത്. അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞും വാളുകൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും” കുമാരസ്വാമി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.