ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. യെച്ചൂരി സുഹൃത്തായിരുന്നുവെന്ന് രാഹുൽ സമൂഹമാദ്ധ്യമങ്ങളിലെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയ ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി. നമുക്കിടയിൽ നടന്നിരുന്ന സുദീർഘമായ ചർച്ചകളാണ് ഇനി എനിക്ക് മിസ് ചെയ്യുകയെന്നും രാഹുൽ കുറിച്ചു. യെച്ചൂരിയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അണികളെയും അനുശോചനം അറിയിക്കുന്നതായി രാഹുൽ കുറിച്ചു. യെച്ചൂരിക്കൊപ്പമുളള ചിത്രം സഹിതമായിരുന്നു രാഹുലിന്റെ കുറിപ്പ്.
കോൺഗ്രസും സിപിഎം ഉൾപ്പെടെയുളള ഇടത് പാർട്ടികളും ആശയപരമായി രണ്ട് തട്ടിലായിരുന്നെങ്കിലും യുപിഎ സർക്കാരുകളുടെ കാലം മുതൽ ആ ഭിന്നതകൾ നീങ്ങിത്തുടങ്ങിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്താനെന്ന പേരിൽ തെരഞ്ഞെടുപ്പ് സമയത്ത് പലയിടത്തും കോൺഗ്രസും സിപിഎമ്മും പരസ്യമായി സഖ്യവും ഉണ്ടാക്കിയിരുന്നു. ഈ സഖ്യശ്രമങ്ങൾക്ക് സമ്മതം നൽകിയ നേതാക്കളിൽ ഒരാളായിരുന്നു സീതാറാം യെച്ചൂരി.
പശ്ചിമബംഗാളിൽ കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമായതോടെയാണ് കോൺഗ്രസ് സഖ്യത്തെക്കുറച്ച് സിപിഎം ദേശീയ നേതൃത്വത്തിൽ ചർച്ചകൾ ഉയർന്നുതുടങ്ങിയത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് രൂപം കൊണ്ട ഇൻഡി സഖ്യത്തിലുൾപ്പെടെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാണ്. ഈ ഘട്ടങ്ങളിലെല്ലാം യെച്ചൂരിയുമായി രാഹുൽ നിരവധി വേദികൾ പങ്കിട്ടിരുന്നു.
കേരളത്തിൽ പരസ്പരം കലഹിക്കുകയും ദേശീയതലത്തിൽ ഒരുമിച്ചിരിക്കുകയും ചെയ്യുന്ന സിപിഎം – കോൺഗ്രസ് ബന്ധം രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ എന്നും ചർച്ചയുമായിട്ടുണ്ട്. എന്നാൽ വർഗീയത ചെറുക്കാനെന്ന ന്യായം പറഞ്ഞ് യെച്ചൂരി ഉൾപ്പെടെയുളള കമ്യൂണിസ്റ്റ് നേതാക്കൾ ഇത്തരം സഖ്യങ്ങൾക്ക് നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തും സമ്മതം നൽകുകയായിരുന്നു.















