താര സംഘടനയായ അമ്മയിൽ നിന്ന് പൃഥ്വിരാജിനെ പുറത്താക്കാൻ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നുവെന്നും മമ്മൂട്ടിയാണ് അതിൽ ഇടപെട്ടതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
“പൃഥ്വിരാജിന്റെ സിനിമാ ജീവിതം തുടങ്ങിയ നാളുകളിൽ അമ്മ സംഘടനക്കുള്ളിൽ തന്നെ ചില എതിർപ്പുകളുണ്ടായിരുന്നു. പൃഥ്വിയെ പുറത്താക്കണമെന്ന് പറഞ്ഞ് ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്ത സമയത്തായിരുന്നു ഇങ്ങനെയൊരു സാഹചര്യം നേരിട്ടത്. ഇനി സിനിമ ചെയ്യാനൊന്നും പാടില്ലെന്ന് ചിലർ പറഞ്ഞു”.
“അന്ന് മമ്മൂട്ടിയാണ് വിഷയത്തിൽ ഇടപെട്ടത്. മാപ്പ് പറഞ്ഞാൽ കഴിയുന്ന വിഷയം ഇത്രയും വലിയ കാര്യമാക്കണമെങ്കിൽ അത് മനഃപൂർവ്വമാണ്. ഇത് നീട്ടിക്കൊണ്ട് പോകണം, അതിന്റെ പേരിൽ പൃഥ്വിരാജ് കുറച്ച് നാൾ സിനിമയിൽ നിന്ന് മാറിനിൽക്കട്ടെയെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനകത്തുള്ളതെന്നും മമ്മൂട്ടി പറഞ്ഞു. സുകുമാരന്റെ മകനെന്ന് വിചാരിച്ച് പൃഥ്വിരാജ് ഒരുപാട് ചെത്തണ്ട എന്ന മനോഭാവം കുറച്ചുപേർക്ക് കാണും”.
നമുക്ക് വേണ്ടപ്പെട്ട ഒരുപാട് നടീനടന്മാർ ഇരുന്നിട്ടും മമ്മൂട്ടിയ്‌ക്ക് അങ്ങനെ പറയണം എന്ന് തോന്നിയത് സുകുമാരൻ ചേട്ടനോടുള്ള സ്നേഹം കാരണമാണ്. തുറന്ന മനസാണ് അദ്ദേഹത്തിന്റേത്. ചിലപ്പോഴെക്കെ നാക്ക് വളഞ്ഞു പോകും, പക്ഷേ അത് സ്വയം തിരുത്തുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടെന്ന് സുകുമാരൻ ചേട്ടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ഒരു മഹാനാടനാണ്. അത് അഭിനയത്തിൽ മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം അത് നമുക്ക് അനുഭവപ്പെടാറുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.