ന്യൂഡൽഹി: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് തരംഗ് ശക്തി അഭ്യാസം വളരെയധികം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അയൽ രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള സുപ്രധാന ശ്രമമാണിതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വിശിഷ്ട സന്ദർശക ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും തരംഗ് ശക്തി സഹായിക്കുന്നു. കരുത്തുറ്റ ഇന്ത്യയെയാണ് തരംഗ് അഭ്യാസം പ്രതിഫലിപ്പിക്കുന്നത്. തരംഗ് ശക്തിയിലൂടെ സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം ഉറപ്പാക്കുക മാത്രമല്ല, ഏത് വെല്ലുവിളികളിലും രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുമെന്ന് തെളിയിക്കുകയും ചെയ്യുന്നു.
മുമ്പ്, രാജ്യത്തിന്റെ വ്യോമസേന ശക്തമല്ലായിരുന്നു. എന്നാൽ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനിക വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്കുള്ളത്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം പുരോഗതി കൈവരിച്ചു. ആയുധങ്ങൾ ഇറക്കുമതി മാത്രം ചെയ്തിരുന്ന രാജ്യം ഇന്ന് അവ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. ഇന്ത്യയുടെ ആയുധങ്ങൾ 90- ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.