ലക്‌നൗ: മഠാധിപതിമാരേയും മാഫിയ തലവന്മാരേയും തമ്മിൽ താരതമ്യം ചെയ്ത് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ നേതാക്കൾ പതിവാക്കിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ഇൻഡി സഖ്യത്തിന്റെ രഹസ്യ അജണ്ടയെന്നും, അതിന് വേണ്ടിയാണ് സനാതന ധർമ്മത്തെ ഇപ്രകാരം മോശമായി ചിത്രീകരിക്കുന്നതെന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാല വിമർശിച്ചു.
” ഡിഎംകെ നേതാക്കൾ പരസ്യമായി സനാതന ധർമ്മത്തെ അവഹേളിച്ചു. ഹിന്ദുക്കളെ അക്രമികളെന്നാണ് കോൺഗ്രസ് മുദ്ര കുത്തിയത്. ഇപ്പോഴിതാ രാമഭക്തരെ കൊന്നുതള്ളിയ സമാജ്‌വാദി പാർട്ടി നേതാവ് പറയുന്നത് ഹിന്ദു സന്യാസിമാരും മഠാധിപതിമാരും മാഫിയകളെപോലെ ആണെന്നാണ്. അവർക്ക് മറ്റ് വിശ്വാസങ്ങളെ കുറിച്ച് ഇപ്രകാരം പറയാൻ ധൈര്യമുണ്ടോ? ഇൻഡി സഖ്യത്തെ സംബന്ധിച്ച് അവർക്ക് ഒരു ലക്ഷ്യം മാത്രമേ ഉള്ളു. ഹിന്ദുക്കളെ താറടിച്ച് കാണിച്ചുകൊണ്ട്, വോട്ട് ബാങ്കിനായി പ്രവർത്തിക്കുക എന്നതാണ്” അവരുടെ രീതിയെന്നും ഷെഹ്‌സാദ് വ്യക്തമാക്കി.
സംസ്ഥാനത്തെ മാഫിയാ തലവന്മാരെ സംരക്ഷിക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആരോപിച്ചു. ” മഠങ്ങളും ക്ഷേത്രങ്ങളും പള്ളികളും തമ്മിലുള്ള വ്യത്യാസം സമാജ്‌വാദി പാർട്ടിക്ക് അറിയില്ല. അവർ അധികാരത്തിൽ വന്നപ്പോഴെല്ലാം മാഫിയാ നേതാക്കളെ സംരക്ഷിക്കാനാണ് നോക്കിയിട്ടുള്ളത്. അക്രമികളുടെ സ്തുതിപാഠകരായ ഇക്കൂട്ടർ അവരുടെ ശവക്കല്ലറകൾ സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തുകയാണെന്നും” അദ്ദേഹം ആരോപിച്ചു.
ഹിന്ദുക്കളേയും മഠാധിപതിമാരേയും അധിക്ഷേപിച്ച് അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനകൾ അത്യന്തം അപലപനീയമാണെന്ന് ശ്രീ പഞ്ചായത്തി അഖാര ഉദാസിൻ നിർവാണയിലെ മഹന്ത് ദുർഗ ദാസ് പറഞ്ഞു. ഒരു മഠത്തിന്റെ തലവനെ ഗുണ്ടാ നേതാവുമായി ഉപമിക്കുന്നത് അയാളുടെ വിവരമില്ലായ്മയുടെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. മഠാധിപതിയും മാഫിയയും തമ്മിൽ വ്യത്യാസമില്ലെന്നാണ് അഖിലേഷ് പറയുന്നതെങ്കിൽ ആദ്യം സ്വയം നോക്കുകയാണ് വേണ്ടതെന്ന് ആഗ്രയിലെ ശ്രീ മങ്കമേശ്വര് ക്ഷേത്രത്തിലെ മഹന്ത് യോഗേഷ് പുരി മഹാരാജ് വ്യക്തമാക്കി. ആരുടെ പിതാവാണ് കർസേവകർക്ക് നേരെ വെടിയുതിർക്കാൻ നിർദേശം നൽകിയതെന്നും ആരാണ് ഒരുകൂട്ടം നിരപരാധികളെ കൊന്ന് തള്ളിയതെന്നും അദ്ദേഹം ചോദിച്ചു.