ഗാസിയാബാദ്: യുവാവ് ബേക്കറിയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ തവളയുടെ കാൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ നിന്നുമാണ് തവളയുടെ കാൽ ലഭിച്ചത്. സമൂസയുടെ ദൃശ്യങ്ങൾ ഇതിനോടകം ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
പ്രദേശത്തെ പേരുകേട്ട പലഹാരക്കടയിൽ നിന്നുമാണ് സമൂസ വാങ്ങിയതെന്ന് ന്യായ് ഖണ്ഡ് സ്വദേശി അമൻ കുമാർ പറഞ്ഞു. 4 സമൂസകളാണ് വാങ്ങിയത്. വീട്ടിലെത്തിയതിന് ശേഷമാണ് കഴിക്കാൻ ആരംഭിച്ചത്. ഇതിനായി സമൂസ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ തവളയുടെ കാൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇതിന്റെ വീഡിയോ പകർത്തിയ യുവാവ് കടയിലെത്തി പരാതി പറഞ്ഞു. സംഭവത്തിൽ പൊലീസിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്.
ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് കടയിൽ നിന്ന് സമൂസയുടെ സാമ്പിളുകൾ ശേഖരിച്ചു. സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും കടയുടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അസിസ്റ്റൻ്റ് ഫുഡ് കമ്മീഷണർ അരവിന്ദ് യാദവ് പറഞ്ഞു. ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.