കൊറിയൻ ഡ്രാമകളിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് ഹാജി-വോൺ. സീക്രട്ട് ഗാർഡൻ, എംപ്രസ് കി, ചോക്കലേറ്റ് തുടങ്ങിയ ഷോകളിലൂടെയാണ് ഹാജി ഇന്ത്യയിലെ ആരാധകർക്ക് സുപരിചിതയായത്. ലോകത്തിലെ വിവിധ മസാജിംഗ് ശൈലിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി താൻ ഇന്ത്യയിലാണെന്ന് പങ്കുവെച്ചിരിക്കുകയാണ് താരം.
ഓണം വൈബിൽ കസവ് കരയുള്ള കേരള സാരി അണിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. കുർത്തയും കസവ് മുണ്ടും ധരിച്ചിരിക്കുന്ന അണിയറ പ്രവർത്തകരെയും ഫോട്ടോയിൽ കാണാം. കേരളീയ ശൈലിയിലുള്ള കെട്ടിടത്തിന് മുന്നിൽ വെച്ചാണ് ഫോട്ടേയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതോടെ ഇത് കേരളമല്ലേ എന്നായി ഹാജിയുടെ ആരാധകരുടെ സംശയം.
മറ്റൊരു ഫോട്ടോ കേരളത്തിലെ ഏതോ കളരിയിൽ നിന്നാണ് സൂചന. പരമ്പരാഗത കളരി വസ്ത്രത്തൊടെ കൈകൂപ്പിയാണ് ഹാജിയും കൂട്ടരുമുള്ളത്. മൂന്നാമത്തെ ചിത്രത്തിൽ ബീച്ചിൽ നാട്ടുകാരുമായി ഇടപഴകുന്ന ഹാജിയെ കാണാം. നിരവധി ആരാധകരാണ് ഹാജിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമൻ്റിട്ടത്. എന്തായാലും ഇന്ത്യൻ യാത്ര അവിസ്മരണിയമാക്കാനുള്ള ശ്രമത്തിലാണ് കൊറിയൻ താരം.