പുരുഷന് ‘താത്പര്യം’ ജനിപ്പിക്കും വിധം പെരുമാറാതെ ഇരിക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്ന് നടി ഉർവശി. സൗഹൃദമാണുള്ളതെങ്കിൽ അത്തരത്തിൽ പെരുമാറണമെന്നും അതിനപ്പുറമുള്ള ‘തോന്നൽ’ ഉണ്ടാക്കാൻ പാടില്ലെന്നും നടി അഭിപ്രായപ്പെട്ടു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവശിയുടെ വാക്കുകൾ.
സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യപ്പെടുകയാണ്. ഒരുപാട് ഓപ്പൺ ആയി സ്ത്രീകൾ പെരുമാറുന്നു. അതുകൊണ്ടാണ് പണ്ടെങ്ങുമില്ലാത്ത പരാതികൾ ഇപ്പോൾ കേൾക്കാനിടയാകുന്നത്. പുരുഷന് കൂടുതൽ സ്വാതന്ത്ര്യം സ്ത്രീ കൊടുക്കുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് പോകാമെന്ന തോന്നൽ പുരുഷനിൽ ഉണ്ടാകുന്നു. മനുഷ്യർ എപ്പോഴും മനുഷ്യരാണ്. ഒന്നും ഒന്നും രണ്ടേ ആവുകയുള്ളൂ, കാലം മാറിയതുകൊണ്ട് അത് 4 ആകില്ല. ഇതെല്ലാം എന്റെ കുടുംബത്തിലെ തലമൂത്ത സ്ത്രീകൾ പറഞ്ഞുനൽകിയിട്ടുള്ള കാര്യങ്ങളാണ്. പുരുഷന്മാർക്ക് അത്തരമൊരു ‘തോന്നൽ’ ഉണ്ടാക്കരുത്. കാരണം ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്. സ്ത്രീയെ വശീകരിക്കാനും ആകർഷിക്കാനും സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷൻ. സ്ത്രീക്ക് ‘താത്പര്യം’ ഉണ്ടെന്ന് പുരുഷന്റെ ഉള്ളിൽ തോന്നിപ്പിക്കുന്ന വിധം പെരുമാറാതിരിക്കുക.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങളിൽ നിന്നും അണിയറപ്രവർത്തകരിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഉർവശിയുടെ പ്രതികരണം.