ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ക്രൂര ചിന്താഗതിയുള്ള ആളാണെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. തെളിവുകൾ നശിപ്പിച്ച് സത്യം മറച്ചുവയ്‌ക്കാനും ബലാത്സംഗം ചെയ്യുന്നവരെ രക്ഷിക്കാനുമാണ് അവരുടെ സർക്കാർ എപ്പോഴും ശ്രമിക്കുന്നത്. പെൺമക്കളെ സംരക്ഷിക്കുന്നതിന് ആവശ്യമായ യാതൊന്നും ചെയ്യാൻ അവർ തയ്യാറാകുന്നില്ലെന്നും ഷെഹ്‌സാദ് വിമർശിച്ചു.
സംസ്ഥാനത്ത് ജൂനിയർ ഡോക്ടർമാർ ഒരു മാസത്തിലധികമായി പ്രതിഷേധ സമരം നടത്തിവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ” എപ്രകാരം ക്രൂരയായിരിക്കണമെന്ന് മാത്രമാണ് മമത ബാനർജിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അവരുടെ സർക്കാർ പെൺമക്കളെ സംരക്ഷിക്കുന്നതിന് പകരം തെളിവുകൾ നശിപ്പിക്കാനും സത്യം മറച്ചുവയ്‌ക്കാനും ബലാത്സംഗം നടത്തിയവരെ സംരക്ഷിക്കാനും മാത്രമാണ് ശ്രമിക്കുന്നത്.
ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളും, അവൾക്ക് വേണ്ടി സമരം ചെയ്യുന്നവരും, സുപ്രീംകോടതിയും പറയുന്നത് കേൾക്കാൻ മമത ബാനർജി തയ്യാറാകുന്നില്ല, അവർ വളരെ നേരത്തെ തന്നെ രാജിവച്ച് ഈ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടതായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു. രാജിവയ്‌ക്കാൻ താൻ തയ്യാറാണെന്ന മമതയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ ആയിരുന്നു ഷെഹ്‌സാദ് പൂനാവല്ലയുടെ വിമർശനം.















