ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് മത്സരത്തിലേക്കുള്ള സ്ഥാനാർത്ഥികളായ കമല ഹാരിസിനും ഡോണൾഡ് ട്രംപിനുമെതിരെ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. രണ്ട് പേരും മനുഷ്യജീവനുകൾക്ക് എതിരായി പ്രവർത്തിച്ചവരാണെന്നും, തെരഞ്ഞെടുപ്പിൽ ഓരോ വ്യക്തികളും ശ്രദ്ധാപൂർവ്വം വോട്ട് രേഖപ്പെടുത്തണമെന്നും മാർപാപ്പ പറഞ്ഞു. ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന കമല ഹാരിസിന്റെ നിലപാടിനേയും, കുടിയേറ്റക്കാരെ രാജ്യത്തേക്ക് അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാടിനെതിരെയുമാണ് മാർപാപ്പ വിമർശനം ഉന്നയിച്ചത്. വിദേശസന്ദർശനത്തിന് ശേഷം റോമിലേക്കുള്ള മടക്കയാത്രയിൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നവംബറിൽ വോട്ട് ചെയ്യുമ്പോൾ അമേരിക്കയിലെ കത്തോലിക്ക വിശ്വാസികൾ ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത് എന്നത് അനുസരിച്ച് വോട്ട് ചെയ്യണമെന്നും മാർപാപ്പ പറയുന്നു. രണ്ട് സ്ഥാനാർത്ഥികളുടേയും പേര് പറയാതെയായിരുന്നു ഇരുവരുടേയും നയങ്ങളും നിലപാടുകളും ഉയർത്തിക്കാട്ടിയുള്ള വിമർശനം. ” വോട്ട് ചെയ്യാതിരിക്കുന്നത് നല്ലതിനല്ല. എല്ലാവരും വോട്ട് രേഖപ്പെടുത്തണം.
ഞാൻ ഒരു അമേരിക്കക്കാരനല്ല. അതുകൊണ്ട് തന്നെ അവിടെ വോട്ട് ചെയ്യുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാക്കും. കുടിയേറ്റക്കാരെ തടയുന്നതും, അവർക്ക് ജോലി നൽകുന്നത് തടയുന്നതുമെല്ലാം പാപമാണ്. കുഞ്ഞുമക്കളുടെ ജീവൻ അപഹരിക്കുമെന്ന് പറയുന്നത് പാപമാണ്. കുടിയേറ്റക്കാരെ തുരത്തുമെന്ന് പറയുന്നയാളും കുട്ടികളെ കൊല്ലണമെന്ന് പറയുന്നയാളും ജീവിതത്തിന് എതിരാണ്. കുറച്ച് തിന്മ ആരാണ് ചെയ്യുന്നതെന്ന് മനസിലാക്കി വോട്ട് ചെയ്യേണ്ടത് നിങ്ങളാണ്. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്? ആ സ്ത്രീയാണോ അതോ പുരുഷനോ? അത് എനിക്കറിയില്ല. എല്ലാവരും അവരുടെ മനസാക്ഷിക്ക് അനുസരിച്ച് ചിന്തിച്ച് തീരുമാനം എടുക്കണമെന്നും” മാർപാപ്പ പറയുന്നു.















