ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരവാദം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ ദോഡയിൽ നടന്ന തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതിനുശേഷം ഭീകരതയെ അതിർത്തിക്ക് അപ്പുറത്തേക്ക് അകറ്റി നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.
“ജമ്മു കാശ്മീരിൽ തീവ്രവാദം അതിന്റെ അന്ത്യശ്വാസം വലിക്കുകയാണ്. സൂര്യൻ അസ്തമിക്കുമ്പോൾ കടകൾ അടയ്‌ക്കുന്ന ഒരു കാലമുണ്ടായിരുന്നു. ലാൽ ചൗക്ക് സന്ദർശിക്കാൻ കോൺഗ്രസ് ആഭ്യന്തര മന്ത്രിവരെ ഭയക്കുന്ന സാഹചര്യമാണ് നില നിന്നത്,” മോദി പറഞ്ഞു. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത്പോലും കശ്മീർ താഴ്വര സന്ദർശിക്കുമ്പോൾ തനിക്ക് ഭയമായിരുന്നുവെന്ന കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെയുടെ വെളിപ്പെടുത്തൽ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
ജമ്മുകശ്മീരിലെ യുവാക്കൾ തീവ്രവാദത്തിന്റെ ആഘാതം മനസ്സിലാക്കിയിരിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ നല്ല മാറ്റങ്ങൾ അവർക്ക് സ്വപനതുല്യമായിരുന്നു. അവർ സൈന്യത്തിന് നേരെ എറിഞ്ഞ കല്ലുകൾ ഇപ്പോൾ പുതിയ ജമ്മു കശ്മീരിനെ സൃഷ്ടിക്കാനാണ് ഉപയോഗിക്കുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസും അതിന്റെ സഖ്യകക്ഷിയായ എൻസിയും പിഡിപിയും ജമ്മു കശ്മീരിൽ വിഘടനവാദത്തിനും തീവ്രവാദത്തിനും ആവശ്യമായ സാഹചര്യം ഒരുക്കി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
ഒരു ദശാബ്ദത്തിനിടയിലെ കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് സെപ്റ്റംബർ 18 ന് ആരംഭിക്കുന്നത്. സെപ്തംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.