ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. അഴിമതിക്കെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഒരാള്‍ ഇപ്പോള്‍ അഴിമതിയുടെ പേരില്‍ സന്ധി ചെയ്യാന്‍ ശ്രമിക്കുന്നതും രാജിവയ്‌ക്കാന്‍ തയ്യാറാണെന്ന് പറയുന്നതും ലജ്ജാകരമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ അവസ്ഥയേയും അദ്ദേഹം താരതമ്യം ചെയ്തു. മുഖ്യമന്ത്രി കസേര കയ്യില്‍ നിന്ന് തെന്നിമാറുമെന്ന് കെജ്‌രിവാളിന് ഭയമുണ്ടാകാമെന്നും അദ്ദേഹം പരിഹസിച്ചു. ” എന്തുകൊണ്ടാണ് അദ്ദേഹം നേരത്തെ രാജിവയ്‌ക്കാന്‍ തയ്യാറാകാത്തത്. ഞങ്ങള്‍ ആശയപരമായി ലാലു പ്രസാദ് യാദവുമായി എതിര് നില്‍ക്കുന്നവരാണ്. പക്ഷേ അദ്ദേഹം സ്ഥാനം രാജിവച്ചു.ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ രാജിവച്ചു.
കെജ്‌രിവാളിന് തന്റെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമാണ് ഇപ്പോള്‍. അഴിമതിക്കെതിരെ വലിയൊരു പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ആളാണ് ഇപ്പോള്‍ അഴിമതിയുമായി സന്ധി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ ഇതുകണ്ട് ലജ്ജിച്ച് തലതാഴ്‌ത്തുകയാണെന്നും” രവിശങ്കര്‍ പ്രസാദ് പറയുന്നു. തിഹാര്‍ ജയിലില്‍ നിന്ന് മോചിതനായി രണ്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.















