ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഹൊറർ ചിത്രം സ്ത്രീ-2 ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ബോക്സോഫീസ് കുതിപ്പ് തുടരുന്നതിനിടെയാണ് ഒടിടി സ്ട്രീമിംഗ് വിവരം അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ഈ മാസം 27-നാണ് ചിത്രം ഒടിടിയിലെത്തുന്നത്.
ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുക. ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത സ്ത്രീ- 2 ബോക്സോഫീസിൽ
750 കോടിയിലധികമാണ് നേടിയത്. സ്ത്രീ -2 വിന്റെ ഫൈനൽ കളക്ഷൻ 1,000 കോടി കടക്കുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരാണ് സ്ത്രീ-2 യിൽ പ്രധാനവേഷത്തിലെത്തുന്നത്.
കഴിഞ്ഞ മാസം റിലീസ് ചെയ്ത ജോൺ എബ്രഹാമിന്റെ വേദയെയും അക്ഷയ് കുമാറിന്റെ ഖേൽ ഖേൽ മേ എന്നീ ചിത്രങ്ങളെയും വീഴ്‌ത്തിയാണ് സ്ത്രീ തിയേറ്ററുകളിൽ കത്തിക്കയറുന്നത്. 2018-ൽ പുറത്തിറങ്ങിയ സ്ത്രീയുടെ ഒന്നാം ഭാഗത്തേക്കാൾ മികച്ച കളക്ഷനാണ് സ്ത്രീ-2 നേടിയത്. എന്റർടെയ്ൻമെന്റ് മാത്രമല്ല, അമ്പരപ്പും ആകാംക്ഷയും എല്ലാം കൂടി ഉൾപ്പെടുത്തികൊണ്ടുള്ള ദൃശ്യവിരുന്നാണ് ചിത്രം സമ്മാനിച്ചതെന്നാണ് പ്രേക്ഷകാഭിപ്രായം.