തിരുവനന്തപുരത്തെ രാജവീഥി ഭരിച്ചിരുന്ന ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി നൽകി ഇടുക്കി രാജകുമാരിയിലെ എംജിഎം ഐടിഐയിലെ വിദ്യാർത്ഥികൾ. ആറ് പതിറ്റാണ്ടോളം നിരത്തിലൂടെ ഓടിയ പഴയ ടാറ്റാ മെർസിടേഴ്സ് ബസിനാണ് വിദ്യാർത്ഥികൾ പുതുജീവൻ നൽകിയത്. ഇന്ത്യയിൽ രണ്ട് ബസുകൾ മാത്രമാണ് ഈ മോഡലിൽ അവശേഷിക്കുന്നത്.
കെഎസ്ആർടിസിക്ക് മുൻപ് സർവീസ് നടത്തിയിരുന്ന വാഹനത്തിനാണ് ഐടിഐയിലെ വിദ്യാർത്ഥികൾ ജീവൻ വെപ്പിച്ചത്. 1962-ലാണ് ഈ ബസ് തലസ്ഥാനത്ത് ഓട്ടം തുടങ്ങിയത്. 1965-ൽ കെഎസ്ആർടിസി ഏറ്റെടുത്തതോടെ KLX 604 എന്ന നമ്പറിൽ കേരളത്തിലുടനീളം സർവീസ് നടത്തി. പഴക്കം ചേന്നതോടെ 1978-ൽ രാജകുമാരി ഐടിഐ ബസ് ലേലത്തിൽ പിടിച്ചു. നാട്ടുകാരുടെ ആഗ്രഹപ്രകാരമാണ് ഐടിഐയിലെ വിദ്യാർത്ഥികൾ ബസിനെ പുനരുജ്ജീവിപ്പിച്ചത്. ഏകദേശം ഒരു കോടി രൂപ ചെലവിട്ടാണ് പഴമയുടെ പ്രൗഢി ലേശം പോലും ചോരാതെ ബസ് നവീകരിക്കാൻ സാധിച്ചത്.