പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണങ്ങളാണ് രാമക്ഷേത്രവും കശ്മീർ പുനഃസംഘടനയുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും പിന്തുണയോടെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ എക്കാലവും വാഴ്‌ത്തപ്പെടും. പ്രധാനമന്ത്രി എല്ലാ കാര്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തിനായി ഏറെ സമയം ചെലവഴിക്കുന്നയാളാണ് അദ്ദേഹം. ഓരോ മന്ത്രിമാരും എന്താണ് ചെയ്യുന്നത്, ഏത് രീതിയിലാണ് അവർ പ്രവർത്തിക്കുന്നത്, ഓരോ സെക്രട്ടറിമാരുടെയും ഓരോ ജീവനക്കാരുടെയും പ്രത്യേകതകൾ വരെ അദ്ദേഹത്തിനറിയാം. അവരുടെ കഴിവുകളും കുറവുകളും പ്രധാനമന്ത്രി നേരിട്ട് മനസിലാക്കുന്നു. എല്ലാം പ്രധാനമന്ത്രി അറിയുന്നുവെന്ന് തിരിച്ചറിയുന്നതോടെ ഭരണതലത്തിൽ നിന്ന് അഴിമതി സ്വഭാവികമായും ഇല്ലാതെയാകും. രാഷ്‌ട്രനിർമാണത്തിനായി അവർ സമയം ചെലവഴിക്കുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
മന്ത്രിയായതിന് പിന്നാലെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അദ്ദേഹം തിരക്കുന്നുണ്ട്. പിന്നീട് മറ്റൊരു അവസരത്തിൽ കണ്ടാലും അന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന് ഓർമയുണ്ടാകും. നിരന്തരമായി അദ്ദേഹം കാര്യങ്ങൾ നിരീക്ഷിക്കുന്നു. ഇക്കാരണമാണ് അച്ചടക്കത്തോടെ തന്നെ എല്ലാവരും പ്രവർത്തിക്കുന്നതിന് പിന്നിലും. മൂന്നാം തവണ അധികാരത്തിലേറിയതിന് പിന്നാലെ കൂടുതൽ ആത്മവിശ്വാസത്തോടെയും ഊർജ്ജത്തോടെയുമാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥയിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അഞ്ചാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ക്ഷേമമാണ് നരേന്ദ്ര മോദിയുടെയും സർക്കാരിന്റെയും ലക്ഷ്യം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് തവണ ഒരു പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുക്കപ്പെടുന്നത്. ജവഹർലാൽ നെഹ്റു ആദ്യം പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പിലൂടെയല്ല. ജനങ്ങളുടെ പ്രതിനിധിയായി ജനങ്ങൾ തന്നെ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജനങ്ങൾക്കായി മാറ്റി വച്ചൊരു ദിനം മാത്രമായിരിക്കും പ്രധാനമന്ത്രിക്ക് ഇന്നേ ദിനമെങ്കിലും ഇന്ത്യൻ ജനതയ്‌ക്കും അദ്ദേഹത്തെ സ്നേഹിക്കുന്ന ലോകത്തെ ആളുകൾക്കും ഇന്ന് പ്രധാനപ്പെട്ട ദിനമായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ജന്മദിനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















