മൂന്നാം മോദി സർക്കാർ ആദ്യ 100 ദിനം പിന്നിട്ടിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മോദി സർക്കാർ 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 100 ദിന റിപ്പോർട്ട് കാർഡ് പുറത്തിറക്കിയതിന് പിന്നാലെ സംസാരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ.
ആദ്യ 100 ദിവസങ്ങൾ കൊണ്ട് ഏറെ ദൂരം സഞ്ചരിക്കാൻ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പങ്കിലേക്ക് വിരൽചൂണ്ടുന്ന കാര്യങ്ങളും സംഭവിച്ചു. 100 ദിവസത്തിനിടെ പ്രധാനമന്ത്രി സിംഗപ്പൂരിലും ബ്രൂണെയിലും സന്ദർശനം നടത്തി, മലേഷ്യൻ പ്രധാമന്ത്രി ഇന്ത്യൻ സന്ദർശനവും നടത്തി. ആഗോളതലത്തിൽ അർദ്ധചാലക വ്യവസായത്തിൽ ഇന്ത്യൻ പുത്തൻ കുതിപ്പുകൾ സൃഷ്ടിക്കാനൊരുങ്ങുകയാണെന്ന് ഈ സന്ദർശനങ്ങളിലൂടെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ ഇന്ത്യയുടെ ഇടപെടൽ അനിവാര്യമായി മാറുകയാണ്. സംഘർഷരഹിതമായ ഒരു ലോകമാണ് കേന്ദ്രം സ്വപ്നം കാണുന്നത്. യുദ്ധാന്തരീക്ഷം ഇല്ലാതാക്കാൻ സദാ പരിശ്രമിക്കുകയാണ്. പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിച്ചതും റഷ്യയുമായി ചർച്ച നടത്തിയും ജയ്ശങ്കർ ഓർമിപ്പിച്ചു. സംഘർഷാവസ്ഥ അവസാനിപ്പിക്കാനായി സാധ്യമായതെല്ലാം ചെയ്യുകയെന്നതാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്പാദന ശേഷിക്കാണ് മുൻഗണന നൽകുന്നതെന്നും നിർമാണ മേഖലയിലെ വൈഗധ്യം വർദ്ധിപ്പിക്കാനായി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 2014 വരെയുള്ള ദശകങ്ങളിൽ നിർഭാഗ്യവശാൽ ഇന്ത്യക്ക് അത് സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദശകം മുതൽ ഇന്ത്യ ആഗോള ഉത്പാദന മേഖലയിലെ ഹബ്ബായി മാറുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി മോദിസർക്കാർ 3.0 പരിശ്രമിക്കുമെന്നും അത് വിജയത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവിധ മേഖലകളിൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അവ ചെയ്ത് തീർക്കാൻ സാധിക്കുമെന്ന ഉറപ്പുണ്ട്. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും എസ്. ജയ്ശങ്കർ പറഞ്ഞു.