ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്‌ക്ക് ഒരു മണിക്ക് പമ്പയാറ്റിൽ ആവേശപ്പോര് ആരംഭിക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സര വള്ളംകളിയും, തുടർന്ന് ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്. പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി.
വള്ളംകളിക്ക് മുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ട് പതിറ്റാണ്ടിന് ശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രയാകും ഇത്തവണ നടക്കുക. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 കരകളെ പ്രതിനിധാനം ചെയ്ത് 52 പള്ളിയോടം ജലഘോഷയാത്രയിലും 50 പള്ളിയോടം മത്സരവള്ളംകളിയിലും പങ്കെടുക്കും. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണുള്ളത്.
രാവിലെ 9.30-ന് ആറന്മുള ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സത്രക്കടവിൽ എത്തുന്നതോടെ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും. തുടർന്ന് ചടങ്ങുകൾ ആരംഭിക്കും. കേന്ദ്ര ടെക്സ്‌റ്റൈൽസ് വകുപ്പുമന്ത്രി ഗിരിരാജ് സിംഗ്, കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ വകുപ്പുമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.എൻ.വാസവൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ അതിഥികളായെത്തും.