ന്യൂഡൽഹി: അടുത്തയാഴ്ച അമേരിക്കൻ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. മിഷിഗണിൽ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടേത് അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണെന്ന് ട്രംപ് പറയുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 2020 ഫെബ്രുവരിയിലാണ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
ഈ മാസം 21 മുതൽ 23 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ യാത്രയിലെ പ്രധാന ലക്ഷ്യം. ഡെലവെയറിലെ വിൽമിംഗ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയാണ് ഡെലവെയറിൽ നടക്കുന്നത്.
മൂന്നാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം കഴിഞ്ഞ രണ്ട് മാസത്തിനിടെ നരേന്ദ്രമോദി റഷ്യയും യുക്രെയ്നും സന്ദർശിച്ചിരുന്നു. അതിന് ശേഷമാണ് അമേരിക്കയിലേക്കുള്ള യാത്ര. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാൽ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണ് ഇത്. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരസ്ഥാനത്തേക്ക് ഇല്ലെന്ന് കിഷിദയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
2025ൽ ഇന്ത്യയാണ് ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ക്വാഡ് സഖ്യം രൂപീകരിച്ചിട്ട് 20 വർഷം തികയുന്നു എന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്. ഇതിന് ശേഷം സെപ്തംബർ 22-23 തിയതികളിലായി ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 22ാം തിയതി ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടക്കുന്ന മെഗാ കമ്മ്യൂണിറ്റി ഇവന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ‘ മോദി & യുഎസ്, പ്രോഗസ് ടുഗെദർ’ എന്നാണ് പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്.