കണ്ണൂർ: ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച സിപിഎം നേതാവ് പി. ജയരാജന്റെ തുറന്നു പറച്ചിലിന് പിന്തുണയുമായി കത്തോലിക്കാ സഭ. മുഖപത്രമായ ദീപികയിലൂടയാണ് പിന്തുണ അറിയിച്ചത്. ‘രാഷ്‌ട്രീയ ഇസ്ലാമിനെ പി ജയരാജൻ കണ്ടു, പാർട്ടിയോ?’ എന്ന തലക്കെട്ടോടെയായിരുന്നു ദീപികയുടെ മുഖപ്രസംഗം.
ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച് കോൺഗ്രസിനും സിപിഎമ്മിനും ഒറ്റ നിലപാടാണെന്ന് കത്തോലിക്ക സഭ ചൂണ്ടിക്കാട്ടുന്നു. പി. ജയരാജന്റെ തുറന്ന് പറച്ചിലിന് പാർട്ടിയിൽ നിന്നും അംഗീകാരം ലഭിക്കണമെന്നില്ല. പി. ജയരാജൻ കണ്ട രാഷ്‌ട്രീയ ഇസ്ലാമിനെ സിപിഎം കാണാനിടയില്ല. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ തീവ്രവാദ പ്രവർത്തനം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ മാറിമാറി ഭരിച്ച മുന്നണികൾ ശ്രമിച്ചില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ തീവ്രവാദം സാന്നിധ്യമറിയിച്ചെങ്കിലും മതേതര പാർട്ടികൾ കണ്ണടച്ച് ഇരുട്ടാക്കി. പ്രത്യേക പദവി കൊടുത്തു കൊണ്ടല്ല ഭീകരവാദത്തിന് എതിരെ പ്രവർത്തിക്കേണ്ടതെന്നും സഭ ഓർമ്മിപ്പിക്കുന്നു.
ഈ വിഷയത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിക്കുമ്പോൾ ബിജെപിയുടെ നിലപാടിനെ സഭ പ്രശംസിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ബിജെപി നിലപാടിന് ആഗോള സ്വീകാര്യത ലഭിച്ചു. ലോക സമാധാനത്തിന് ഏറ്റവും ഭീഷണിയാകുന്നത് ഇസ്ലാമിക തീവ്രവാദമാണ്. എന്നാൽ പീഡിപ്പിക്കുന്നവരെ ഇരകളായി ചിത്രീകരിക്കുന്ന സമീപനമാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തിൽ ഐഎസ് റിക്രൂട്ട്മന്റ് വ്യാപകമാണെന്ന് ജയരാജൻ തുറന്ന് പറഞ്ഞത്. ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും ജയരാജൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മതരാഷ്ഷ്‌ട്രീയ വാദികളാണെന്ന കാര്യവും അഭിമുഖത്തിൽ മുൻ ജില്ലാ സെക്രട്ടറി അംഗീകരിക്കുന്നുണ്ട്.