മലയാളികൾക്ക് സുപരിചിതനായ തമിഴ് നടനും ഫൈറ്റ് മാസ്റ്ററുമാണ് ബസന്ത് രവി. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം സൂപ്പർ ഫൈറ്റുകൾ ചെയ്ത താരം. അലിഭായ്, തൊമ്മനും മക്കളും തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ മലയാളികളുടെ സൂപ്പർ സ്റ്റാറുകളുമായി കൊമ്പ് കോർത്ത നടൻ. ഇപ്പോഴിതാ, മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സംഘട്ടനം ചെയ്യുമ്പോഴുള്ള വ്യത്യാസം തുറന്നു പറയുകയാണ് ബസന്ത് രവി. മമ്മൂട്ടിക്കൊപ്പം ഫൈറ്റ് ചെയ്യുന്നത് കഷ്ടമാണെന്നും സംഘടന രംഗങ്ങളിൽ മോഹൻലാലിന് നല്ല മെയ് വഴക്കമാണെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബസന്ത് രവി പറഞ്ഞു.
“മമ്മൂട്ടി സാറിനൊപ്പം ഫൈറ്റ് ചെയ്യുന്നത് കഷ്ടമാണ്. മോഹൻലാൽ സാറിനൊപ്പം ഫൈറ്റ് ചെയ്യുന്നതാണ് എളുപ്പം. അദ്ദേഹം കളരിയൊക്കെ പഠിച്ചിട്ടുള്ളതാണ്. മെഴ് വഴക്കം വേറെ ലെവൽ ആണ്. അലിഭായ് എന്ന ഒരു പടം ചെയ്തിട്ടുണ്ട്. ഒരു അംബാസിഡർ കാറിന്റെ മുകളിലൂടെ വന്ന് എന്റെ കഴുത്തിൽ ഒരു ലോക്ക് ഇടണം. പെർഫെക്റ്റായി അദ്ദേഹം ലോക്ക് ചെയ്തു. ഒരു നായകനും പെട്ടെന്ന് വന്ന് അങ്ങനെ ലോക്ക് ചെയ്യാൻ കഴിയില്ല. സംഘട്ടന രംഗങ്ങളിൽ മോഹൻലാൽ സാറിന് അസാമാന്യ ടൈമിംഗ് ആണ്”.
“മമ്മൂട്ടി സാറിന്റെ അടി ഞാൻ അങ്ങോട്ട് പോയി വാങ്ങണം. അദ്ദേഹം ഗംഭീര നടനാണ്. അതിൽ സംശയമൊന്നുമില്ല. പക്ഷേ എല്ലാവർക്കും എല്ലാം ചെയ്യണമെന്നില്ലല്ലോ. അദ്ദേഹം ഫൈറ്റും നന്നായി ചെയ്യും. പക്ഷേ നമ്മൾ അഡ്ജസ്റ്റ് ചെയ്യണം. ലാൽ സർ ഇങ്ങോട്ടു വന്ന് അടിക്കും. മമ്മൂട്ടി സാറിന്റെ അടി ഞാൻ അങ്ങോട്ട് ചെന്ന് വാങ്ങിയിട്ട് പോകണം. രണ്ടുപേരെയും എനിക്ക് ഇഷ്ടമാണ്”-ബസൻ്റ് രവി പറഞ്ഞു.