ബെയ്‌റൂത്ത്: പേജർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്ന് ഹിസ്ബുൾ ഭീകരന്മാരുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച ശവസംസ്‌കാരം നടന്ന സ്ഥലത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ അൽ മനാർ ടിവിയും ഒന്നിലധികം പ്രദേശങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ള സംഘത്തിന്റെ പക്കലുണ്ടായിരുന്ന വാക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചതെന്ന് അംഗങ്ങളിലൊരാൾ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.
ചെവ്വാഴ്ചയുണ്ടായ പേജർ സ്ഫോടനങ്ങളുടെ നടുക്കം വിട്ടുമാറുംമുമ്പേയാണ് പുതിയ സ്ഫോടനങ്ങൾ ലെബനനിൽ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ള-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെയാണ് ലെബനനിൽ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് ഉന്നത ഹിസ്ബുള്ള ഭീകര നേതാക്കളടക്കം കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സംഭവത്തിനുപിന്നിൽ ഇസ്രായേൽ ചാര സംഘടനയായ മൊസാദ് ആണെന്ന സൂചനകളുണ്ടെങ്കിലും ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.