ന്യൂഡൽഹി: ഈ മാസം 21ന് ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചയും പ്രധാന അജണ്ടയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി. ചൈനയുടെ ഭാഗത്ത് നിന്ന് ഉയരുന്ന വെല്ലുവിളികൾ ചർച്ച ചെയ്തില്ലെങ്കിൽ അത് തീർത്തും നിരുത്തരവാദപരമായ തീരുമാനം ആയിരിക്കുമെന്നും ജോൺ കിർബി പറയുന്നു
തായ്‌വാൻ കടലിടുക്കിന്റെ പേരിലുള്ള പ്രശ്‌നം, ഇന്തോ-പസഫിക് മേഖല, മറ്റ് രാജ്യങ്ങൾക്ക് മേലുള്ള ചൈനയുടെ സൈനിക നടപടികൾ, വ്യാപാരം തുടങ്ങീ നിരവധി ഗൗരവമേറിയ പല വിഷയങ്ങളിലും ചർച്ചകൾ നടക്കുമെന്നും, ഇവയെല്ലാം നിലവിൽ വളരെ അധികം പ്രസക്തിയുള്ള വിഷയങ്ങളാണെന്നും ജോൺ കിർബി പറയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നാലാമത് ഇൻ പേഴ്സൺ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും.
ഓരോ രാജ്യങ്ങൾക്കും ചൈനയുമായി വ്യത്യസ്ത തലങ്ങളിലുള്ള ബന്ധമായിരിക്കുമെന്നും കൂടുതൽ തീരുമാനങ്ങൾ ചർച്ചയ്‌ക്ക് ശേഷം മാത്രം പുറത്ത് വിടുമെന്നും ജോൺ കിർബി വ്യക്തമാക്കി. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓരോ നേതാക്കളുമായും ബൈഡൻ വ്യക്തിപരമായും കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ ഈ കൂടിക്കാഴ്ചകളിൽ ചർച്ചയാകും. ഇത്തവണത്തെ ഉച്ചകോടിക്ക് ശേഷം ക്വാഡിന്റെ പ്രാധാന്യം വർദ്ധിക്കുന്ന കാഴ്ചയ്‌ക്കാകും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഈ മാസം 21നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് തിരിക്കുന്നത്. ഡെലവെയറിലെ വിൽമിംഗ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാൽ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണിത്. ക്വാഡ് സഖ്യം രൂപീകരിച്ചിട്ട് 20 വർഷം തികയുന്നു എന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്.















