ന്യൂഡൽഹി: അമിത ജോലിഭാരത്തെ തുടന്നുള്ള സമ്മർദ്ദം താങ്ങാൻ കഴിയാതെ പൂനെയിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ കമ്പനി EY-ക്കെതിരെ അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ. പരാതിയുമായി രംഗത്തെത്തിയ യുവതിയുടെ അമ്മയ്‌ക്ക് ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി ഉറപ്പുനൽകി.
പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇവൈ) എന്ന കമ്പനിയിലെ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യനാണ് (26) മരിച്ചത്. ഹൃദയാഘാതത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്നയുടെ മരണത്തിന് പിന്നാലെ അമ്മ അനിത അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലാണ് നിലവിൽ കേന്ദ്ര അന്വേഷണത്തിലെത്തി നിൽക്കുന്നത്. മകൾ ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദങ്ങൾ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്റ് യങ് ഇന്ത്യയുടെ ചെയർമാന് അനിത അയച്ച തുറന്നകത്ത് ഏറെ ചർച്ചയായിരുന്നു. തുടർന്നാണ് സംഭവം അന്വേഷിക്കുമെന്ന കാര്യം കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചത്.
സുരക്ഷിതമല്ലാത്തതും ചൂഷണങ്ങൾ നടക്കുന്നതുമായ തൊഴിൽ അന്തരീക്ഷമാണ് കമ്പനിയിലുള്ളതെന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രമന്ത്രി ശോഭ കരന്തലജെ എക്സിൽ കുറിച്ചു.
കഴിഞ്ഞ മാർച്ചിലാണ് പൂനെയിലെ കമ്പനിയിൽ അന്ന ജോലിക്ക് കയറിയത്. ജൂലൈയിലായിരുന്നു മരണം. ഇതിന് ശേഷം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം നിരാശാജനകമാണെന്ന് യുവതിയുടെ അമ്മ പറയുന്നു. മകൾ മരിച്ചിട്ട് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കമ്പനിയിൽ നിന്ന് ഒരാൾ പോലും എത്തിയില്ലെന്നും അവർ ദുഃഖം പങ്കുവച്ചു.