കത്ര: ജമ്മുകശ്മീരിൽ പാകിസ്താന്റെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഒരു ശക്തിക്കും ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്രയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കശ്മീരിലെ റിയാസിലാണ് കത്ര സ്ഥിതിചെയ്യുന്നത്.
ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മോദിയുടെ വാക്കുകൾ. പാകിസ്താന്റെ അജണ്ട തന്നെയാണ് കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെയും അജണ്ട. Congress-NC സഖ്യം പുറത്തുവിട്ട പ്രകടനപത്രികയെ പിന്തുണച്ചുകൊണ്ട് പാകിസ്താനിലെ പ്രതിരോധ മന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ആ പ്രകടനപത്രിക ആഘോഷമാക്കുകയാണ് പാകിസ്താൻ. കശ്മീരിൽ പാക് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല. – നരേന്ദ്രമോദി വ്യക്തമാക്കി.
പാക് പ്രതിരോധമന്ത്രിയായ ഖവാജ ആസിഫ്, ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ്-എൻസി സഖ്യം അവതരിപ്പിച്ച പ്രകടനപത്രികയെക്കുറിച്ച് പരാമർശിച്ചത്. കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ Congress-NC സഖ്യം വിജയിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും അവർ അധികാരത്തിൽ വരുമെന്നും ആസിഫ് പറഞ്ഞു. കശ്മീരിൽ ആർട്ടിക്കിൾ 370, 35A എന്നിവ പുനഃസ്ഥാപിക്കണമെന്ന പാകിസ്താന്റെ ആവശ്യം തന്നെയാണ് കോൺഗ്രസ് -നാഷണൽ കോൺഫറൻസ് സഖ്യവും മുന്നോട്ടുവച്ചിരിക്കുന്നതെന്നും ആസിഫ് ചൂണ്ടിക്കാട്ടി. ഇതാണ് പ്രധാനമന്ത്രിയുടെ പരാമർശത്തിന് ആധാരം.