ബെയ്റൂത്ത്: ലെബനനിൽ ഹിസ്ബുള്ളയെ നടുക്കിയ സ്ഫോടന പരമ്പരകൾക്കൊടുവിൽ വാക്കി-ടോക്കിയും പേജറുകളും നിരോധിച്ച് ലെബനൻ ഭരണകൂടം. ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റുകളിലെ യാത്രക്കാരും ജീവനക്കാരും വാക്കി-ടോക്കികളും പേജറുകളും ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ലെബനീസ് വ്യോമ മന്ത്രാലയം ഉത്തരവിട്ടു. ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും രാജ്യത്ത് പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കരുതെന്നാണ് നിർദേശം. ഇവയുടെ കയറ്റുമതിയും ഇറക്കുമതിയുമെല്ലാം വിലക്കിയിട്ടുണ്ട്.
ലെബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരർ കൈവശം കരുതിയിരുന്ന പേജറുകളും വാക്കി-ടോക്കികളും കഴിഞ്ഞ ദിവസമായിരുന്നു ഒരേസമയം പൊട്ടിത്തെറിച്ചത്. 37 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടും ബുധനാഴ്ച പുലർച്ചയോടെയുമായിരുന്നു ആക്രമണം നടന്നത്. ആദ്യം പേജറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. അതിന്റെ നടുക്കത്തിൽ നിന്ന് മാറും മുൻപ് വാക്കിടോക്കികളും ചിന്നിച്ചിതറി.
ആക്രമണത്തിന് പിന്നിൽ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ആണെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. ഇറാന്റെ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന സായുധ ഭീകരസംഘടനയാണ് ഹിസ്ബുള്ള. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച സമയത്ത് ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലിലേക്ക് നിരവധി മിസൈലുകൾ ഹിസ്ബുള്ള തൊടുത്തുവിട്ടിട്ടുണ്ട്.