ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ചരിത്രമെഴുതി അഫ്ഗാൻ ക്രിക്കറ്റ് ടീം. ടോസ് നേടിയതിൽ മാത്രമാണ് ഭാഗ്യം ദക്ഷിണാഫ്രിക്കയെ തുണച്ചത്. ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനമടക്കം എല്ലാം പാളി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 144 പന്ത് ബാക്കി നിൽക്കെ നാലുവിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു. ഏതെങ്കിലും ഫോർമാറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള അഫ്ഗാന്റെ ആദ്യ ജയമാണിത്. ടി20 ലോകകപ്പ് സെമിയിൽ നാണംകെട്ടതിന്റെ ക്ഷീണവും മാറ്റാൻ അഫ്ഗാൻ സംഘത്തിനായി.
നാല് വിക്കറ്റ് നേടിയ ഫസൽ ഹഖ് ഫാറൂഖിയും മൂന്ന് പേരെ പറഞ്ഞയച്ച 18-കാരൻ മൊഹമ്മദ് ഗസൻഫറും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൂരിയത്. 33.3 ഓവറിൽ പ്രോട്ടീസ് ബാറ്റിംഗ് നിര നിലംപാെത്തി. 52 റൺസ് നേടിയ വിയാൻ മുൽഡറാണ് പൊരുതി നോക്കിയത്. ജോൺ ഫോർചൂൺ (16), കൈൽ വെരെയ്ൻ(10) എന്നിവരാണ് രണ്ടക്കം കണ്ടവർ.
മറുപടി ബാറ്റിംഗിൽ രഹ്മാനുല്ല ഗുർബാസിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഗുൽബാദിൻ നായിബ് (34) , അസ്മത്തുല്ല ഒമർസായി (25) എന്നിവർ വലിയ പരിക്കുകളില്ലാതെ അഫ്ഗാന് ചരിത്ര വിജയം സമ്മാനിച്ചു. ഹഷ്മത്തുല്ല ഷാഹിദി(16) റിയാസ് ഹസൻ((16) എന്നിവരാണ് മറ്റു സ്കോറർമാർ.















