45-ാം ചെസ് ഒളിമ്പ്യാഡിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യ സ്വർണം. അർജുൻ എറിഗൈസിയും ഡി ഗുകേഷും സ്ലൊവേനിയക്കെതിരെ ജയിക്കുകയും ഫൈനൽ റൗണ്ടിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്‌ക്ക് യു.എസുമായുള്ള മത്സരത്തിൽ പോയിൻ്റ് നഷ്ടമായതോടെയുമാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്.ഗുകേഷ് ഡി, പ്രജ്ഞാനന്ദ ആർ, അർജുൻ എറിഗൈസി, വിദിത് ഗുജറാത്തി, പെൻ്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്.
നിലവിലെ ചാമ്പ്യൻ ഉസ്‌ബെക്കിസ്ഥാനോട് സമനില വഴങ്ങുന്നതിന് മുമ്പ് എട്ട് വിജയങ്ങളുമായി ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്. അവസാന ഘട്ടത്തിൽ ഒന്നാം സീഡായ യു.എസ്.എയെ അട്ടിമറിച്ച് കിരീടം ഉറപ്പാക്കുകയായിരുന്നു. നേരത്തെ 2022 ൽ സ്വന്തം മണ്ണിൽ ഇന്ത്യക്ക് വെങ്കല നേട്ടത്തിലൊതുങ്ങേണ്ടി വന്നിരുന്നു. 2014ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.
ടൂർണമെൻ്റിലെ മുൻനിര താരങ്ങളിലൊരാളായ റഷ്യയുടെ വ്‌ളാഡിമിർ ഫെഡോസീവിനെ പരാജയപ്പെടുത്തി 18 കാരനായ ഗുകേഷ് ഡി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ വിജയം ടീമിന്റെ ആധിപത്യം വർദ്ധിപ്പിച്ചു. അതേസമയം, സ്ലൊവേനിയക്കെതിരായ നിർണായക മത്സരത്തിൽ ജാൻ സുബെൽജിനെ പരാജയപ്പെടുത്തി അർജുൻ എറിഗൈസിയും മികച്ച പ്രകടനം നടത്തിയിരുന്നു.