ന്യൂയോർക്ക്: നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ, ഇനിയൊരു തവണ കൂടി മത്സരരംഗത്തേക്ക് ഉണ്ടാകില്ലെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൂന്നാം അങ്കത്തിൽ പരാജയപ്പെട്ടാൽ നാലാം വട്ടവും ശ്രമം തുടരുമോ എന്ന ചോദ്യത്തിനാണ് ട്രംപിന്റെ മറുപടി.
ഇനിയൊരു മത്സരത്തിനില്ലെന്നും, ഇക്കുറി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറയുന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനെതിരെ ശക്തമായ മത്സരമാണ് ട്രംപ് ഇക്കുറി നേരിടുന്നത്. ഇരുവരും തമ്മിൽ ഒന്നിച്ച് നടന്ന ആദ്യഘട്ട സർവ്വേയിലും കമലാ ഹാരിസിനാണ് മുൻതൂക്കം ലഭിച്ചതെന്നാണ് സർവ്വേകൾ പറയുന്നത്.
ഇരുപക്ഷവും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും കമലാ ഹാരിസിന് നിലവിൽ മേൽക്കൈ ഉണ്ടെന്നാണ് സർവ്വേകൾ പറയുന്നത്. യുഎസ് പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ രണ്ടാം ഘട്ടത്തിന് വേണ്ടി സിഎൻഎൻ ഇരുകൂട്ടരേയും വീണ്ടും ക്ഷണിക്കുകയും ചെയ്തിരുന്നു. കമലാ ഹാരിസ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും, ട്രംപ് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മൂന്നാമതൊരു സംവാദത്തിന് ഇല്ലെന്ന് കമലയുമൊത്തുള്ള ആദ്യ സംവാദത്തിന് പിന്നാലെ ട്രംപ് അറിയിച്ചിരുന്നു
ഡോണൾഡ് ട്രംപുമായി നടത്തിയ സംവാദം കമലയ്‌ക്ക് ഗുണം ചെയ്തുവെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. കമലാ ഹാരിസിന്റെ വിജയ സാധ്യത 61 ശതമാനത്തിലേക്ക് ഉയർന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ട്രംപിന് മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു.















