തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം ടിഎൻ പ്രതാപനും ജില്ലാ നേതൃത്വത്തിനുമുണ്ടായ വീഴ്ചയുമാണെന്ന് കെപിസിസി ഉപസമിതി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിജയത്തിലേക്ക് നയിച്ചുവെന്നും സിപിഎം-സിപിഐ നേതാക്കളുടെ ബൂത്തിലടക്കം ബിജെപി വിജയം കൈവരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കിയാണ് സുരേഷ് ഗോപി വിജയിച്ചതെന്ന വി.ഡി സതീശന്റെ പ്രസ്താവനയ്‌ക്ക് തിരിച്ചടിയാണ് കെപിസിസി ഉപസമിതിയുടെ റിപ്പോർട്ട്.
കെ. മുരളീധരന്റെ തൃശൂരിലെ തോൽവിയെ കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതി റിപ്പോർട്ടാണ് പുറത്തുവന്നത്. ടി.എൻ പ്രതാപൻ മത്സരിക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ ആ ഇടം സുരേഷ് ഗോപി കയ്യടക്കി. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളിൽ മുഖ്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സുരേഷ് ഗോപി ഇടം പിടിച്ചു. സിപിഎം-സിപിഐ നേതാക്കളുടെ ബൂത്തുകളിൽ അടക്കം സുരേഷ് ഗോപി ലീഡ് ചെയ്തു. പ്രചാരണരംഗത്ത് ജില്ലാ കമ്മിറ്റിക്കുണ്ടായ വീഴ്ചയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് സ്വാഗതം ചെയ്ത ബിജെപിയും രംഗത്തെത്തി.
പൂരം കലക്കിയാണ് സുരേഷ് ഗോപി വിജയം കൈവരിച്ചതെന്ന വി.ഡി സതീശന്റെ പ്രസ്താവനയ്‌ക്ക് തിരിച്ചടി കൂടിയാണ് ഉപസമിതിയുടെ റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഈ റിപ്പോർട്ട് അംഗീകരിക്കുമോ എന്ന് അഡ്വ. ബി ഗോപാലകൃഷ്ണൻ ചോദിച്ചു. വിഷയത്തിൽ രൂക്ഷ വിമർശനമാണ് വിഡി സതീശനെതിരെ ഉയരുന്നത്.















