ന്യൂഡൽഹി: ന്യൂയോർക്കിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ സമാധാനം പുന:സ്ഥാപിക്കാനായി ഇന്ത്യ നടത്തിയ ശ്രമങ്ങളേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനത്തെയും സെലൻസ്‌കി അഭിനന്ദിച്ചതായും വിക്രം മിസ്രി കൂട്ടിച്ചേർത്തു.
” ഒരു മാസത്തിനിടെ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചാണിത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, റഷ്യ-യുക്രെയ്ൻ പ്രശ്‌ന പരിഹാരത്തെ സംബന്ധിച്ചുമാണ് ഇരു നേതാക്കളും പ്രധാനമായും ചർച്ചകൾ നടത്തിയത്. വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങളെ സെലൻസ്‌കി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനത്തെയും, സംഘർഷം അവസാനിപ്പിക്കുന്നതിനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിച്ചതായും” വിക്രം മിസ്രി പറഞ്ഞു.
ഉഭയകക്ഷി കക്ഷി ബന്ധം വിവിധ മേഖലകളിലെ സഹകരണത്തിലൂടെ വർദ്ധിപ്പിക്കുമെന്നും നേതാക്കൾ പരസ്പരം ഉറപ്പ് നൽകി. സമാധാനത്തിന്റെ പാതയിൽ മുന്നോട്ടു പോകുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി എപ്പോഴും സംസാരിച്ചിട്ടുള്ളത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തെ കുറിച്ച് വിവിധ ലോകനേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിനെ കുറിച്ചാണ് എല്ലാവരും സംസാരിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ രാജ്യത്ത് വികസനം സാധ്യമാവുകയുള്ളു എന്ന കാര്യമാണ് പ്രധാനമന്ത്രി പ്രധാനമായും എടുത്ത് പറഞ്ഞതെന്നും വിക്രം മിസ്രി വ്യക്തമാക്കി















