ടെഹ്റാൻ: ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണത്തെത്തുടർന്ന് “അപകടകരമായ പ്രത്യാഘാതങ്ങൾ” നേരിടാൻ തയ്യാറാകാൻ ഇസ്രായേലിന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തെക്കൻ ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള സേനയെ ലക്ഷ്യമിട്ട് ഇസ്രായേൽ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 182 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 492 ആയി എന്നും 1,645-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലക്ഷ്യം നേരിടും വരെ ആക്രണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഇസ്രായേലി ആക്രമണങ്ങളെ “ഭ്രാന്തൻ” എന്ന് പരാമർശിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി ആക്രമണത്തെ “സയണിസ്റ്റുകളുടെ പുതിയ സാഹസികത”യായി വിശേഷിപ്പിച്ചു. അതിന്റെ “അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച്” ഇറാൻ ഇസ്രായേലിനു മുന്നറിയിപ്പ് നൽകി.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ കടന്നു കയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഗാസ മുനമ്പിലെ ഏറ്റവും പുതിയ സൈനിക നടപടി തുടങ്ങിയതിനു ശേഷം ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണിത്.