തിരുവനന്തപുരം: കേരളത്തിൽ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. വെൻ്റിലേറ്റർ സൗകര്യവും എസിയുമുള്ള ആംബുലൻസിന്റെ മിനിമം ചാർജ് 2,500 രൂപയാണെന്നും പത്ത് കിലോമീറ്ററിന് ശേഷമുള്ള ഓരോ അധിക കിലോമീറ്ററിനും 50 രൂപ വീതം നിരക്ക് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ആംബുലൻസിന് താരിഫ് ഏർപ്പെടുത്തുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
എസി സൗകര്യമോ വെന്റിലേറ്ററോ ഉള്ള ആംബുലൻസുകളിൽ കയറുന്ന ബിപിഎൽ കാർഡ് ഉടമകൾക്ക് ആകെ തുകയിൽ നിന്ന് 20 ശതമാനം കിഴിവ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. വെന്റിലേറ്റർ ഇല്ലാത്ത, ഓക്സിജൻ സൗകര്യമുള്ള എസി ആംബുലൻസുകളുടെ മിനിമം ചർജ് 1,500 രൂപയാണ്. ഓരോ അധിക കിലോമീറ്ററിനും 40 രൂപ വീതവും നിരക്ക് ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം ഓരോ മണിക്കൂർ കഴിയുമ്പോഴും 200 രൂപ വീതമാണ് വെയ്റ്റിംഗ് ചാർജ്.
അപകടം നടന്ന സ്ഥലത്ത് നിന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ സൗജന്യമായി എത്തിക്കുമെന്ന് ആംബുലൻസ് ഉടമകളുടെ സംഘടനകൾ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. കാൻസർ രോഗികൾക്കും, 12 വയസിൽ താഴെ ഉള്ളവർക്കും ആർസിസിയിലേക്ക് വരുന്ന രോഗികൾക്കും ഓരോ കിലോ മീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.
ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകും. വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനമാണ് മോട്ടോർവാഹന വകുപ്പ് നൽകുക. ട്രെയിനിംഗ് കഴിയുന്ന ഡ്രൈവർമാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഏത് ആംബുലൻസ് ഏത് ഡ്രൈവർ ഓടിക്കുന്നുവെന്നതിൽ സുതാര്യത വരുത്താൻ ഇതുവഴി സാധിക്കും. ലഹരിമരുന്നും മദ്യവും കടത്തുന്നതിനും കുഴൽപ്പണം കൊണ്ടുപോകുന്നതിനും ആംബുലൻസ് ദുരുപയോഗം ചെയ്യുന്നത് തടയിടാൻ ഈ തിരിച്ചറിയൽ കാർഡ് സഹായിക്കും. ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോമും ഏർപ്പെടുത്തും. നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാൻ്റുമായിരിക്കും യൂണിഫോം.
ഓരോ ആംബുലൻസിന്റെയും താരിഫ് നിരക്കിന്റെ വിശദാംശങ്ങൾ ആംബുലൻസിന്റെ അകത്ത് എഴുതിയിട്ടുണ്ടാകണം. ഇത് രോഗിയുടെ കൂട്ടിരിപ്പുകാർ കാണുന്ന രീതിയിൽ പോസ്റ്ററായോ നോട്ടീസായോ പതിപ്പിക്കാം. കൂടാതെ രോഗികൾക്കോ കുടുംബങ്ങൾക്കോ ആംബുലൻസ് സൗകര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കേണ്ട വാട്സ്ആപ്പ് നമ്പറും താരിഫ് നിരക്കിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ നമ്പറിൽ വിളിച്ച് മോട്ടോർ വാഹന വകുപ്പിന് നേരിട്ട് പരാതി നൽകാം.
എല്ലാ ആംബുലൻസിലും ലോഗ് ബുക്ക് ഏർപ്പെടുത്തും. എവിടേക്ക് പോയി, എത്രസമയമെടുത്തു, എത്ര ദൂരം സഞ്ചരിച്ചു എന്നീ കാര്യങ്ങൾ അതിൽ രേഖപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു. ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.















