ന്യൂഡൽഹി: ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനമാണെന്ന് ഡൽഹി ഹൈക്കോടതി. ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടെന്ന് കരുതി ഭാര്യ ജീവനാംശത്തിന് അർഹയല്ലെന്ന വാദം തെറ്റാണെന്നും കോടതി പറഞ്ഞു. ഭാര്യക്ക് ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഭർത്താവിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്ന ഭർത്താവ് ഭാര്യയ്‌ക്ക് പ്രതിമാസം 30,000 രൂപ ജീവനാംശം നൽകാനും പരിക്കേൽപ്പിച്ചതിന് ചികിത്സയ്‌ക്കായി 5 ലക്ഷം രൂപ നൽകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിലെ കേസ് നടത്തിപ്പിനായി 30,000 രൂപ ഉൾപ്പെടെ 3 ലക്ഷം രൂപ നഷ്ടപരിഹാരമായും നൽകണം. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
1998-ലാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ഭാര്യ അവകാശപ്പെട്ടു. 2010-ൽ, അയാൾ വിവാഹേതരബന്ധത്തിലേർപ്പെട്ടിരുന്ന മറ്റൊരു സ്ത്രീയെ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും തുടർന്ന് ഇവർക്കൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയെന്നും ഭാര്യ പറഞ്ഞു.
ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ താമസിക്കുന്നത് സഹിക്കാനാവാതെയാണ് ഭാര്യക്ക് ഭർതൃവീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് കോടതി വിലയിരുത്തി. കുടുംബം നോക്കാനും കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഭർത്താവിനെയും മാതാപിതാക്കളെയും പരിപാലിക്കാനും ജോലി ഉപേക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളുമെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരി ഗാർഹികപീഡനത്തിന്റെ ഇരയാണെന്നും വിലയിരുത്തി.
ഹർജിക്കാരന്റെ സാമ്പത്തിക വരുമാന സ്രോതസുകൾ പരിശോധിച്ച കോടതി പ്രതിമാസം 30,000 രൂപ ജീവനാംശം നൽകാനുള്ള സാമ്പത്തികസ്ഥിതി ഭർത്താവിനുണ്ടെന്ന് നിരീക്ഷിച്ച ഹർജി തള്ളി.















