ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ 3 പേരുടെ ജീവനെടുത്ത പുള്ളിപ്പുലികൾ വലയിലായി. സൈന്യത്തിന്റെ സഹായത്തോടെ ഉദയ്പൂർ വനംവകുപ്പാണ് പുലികളെ പിടികൂടിയത്. കഴിഞ്ഞയാഴ്‌ചയാണ് ഗോഗുണ്ട നഗരത്തിലെ ജനവാസമേഖലയിൽ 2 പുള്ളിപ്പുലികളുടെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പുള്ളിപ്പുലികളെ കെണിവെച്ച് കൂട്ടിലാക്കിയത്. 16 വയസുള്ള പെൺകുട്ടിയും 50 വയസുള്ള മധ്യവയസ്കനും 40 വയസുള്ള സ്ത്രീയുമാണ് പുലികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും പുലികളെ കണ്ടത്താനായിരുന്നില്ല.
തുടർന്നാണ് വനംവകുപ്പ് സൈന്യത്തിന്റെ സഹായം തേടിയത്. പ്രദേശത്തെ വിവിധയിടങ്ങളിൽ കൂടുകൾ സ്ഥാപിച്ച സൈനികർ പുലികളെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണവും നടത്തി. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലികൾ രണ്ടും കൂട്ടിലാകുന്നത്. ഇവയെ ഉദയ്പൂർ സജ്ജൻഗഡ് ബയോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയതായി ഗോഗുണ്ട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അറിയിച്ചു.