യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 2024-ന്റെ ആദ്യപകുതിയിൽ 7.17 കോടി യാത്രക്കാർക്കാണ് സേവനം നൽകിയത്. 6 മാസത്തിനിടെ അബുദാബിയിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്.
യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 14.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഈ വർഷം ആദ്യ 6 മാസത്തിനിടെ 7.17 കോടി യാത്രക്കാർക്കാണ് സേവനം നൽകിയത്. 2023-ന്റെ ആദ്യ പകുതിയിൽ 6.28 കോടി പേരായിരുന്നു. യുഎഇ സെൻട്രൽ ബാങ്ക് ആണ് കണക്കുകൾ പുറത്തുവിട്ടത്.മുൻ വർഷത്തെക്കാൾ 33.8% പേർ അധികമായി എത്തിയതോടെ പ്രധാന ഗതാഗതകേന്ദ്രമായി അബുദാബി മാറി.
സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ മാത്രമായി യാത്ര ചെയ്തത് 1.37 കോടി പേരാണ് . അത്യാധുനികസൗകര്യങ്ങളും സേവനങ്ങളുമാണ് യു.എ.ഇ. വിമാനത്താവളങ്ങൾ യാത്രക്കാർക്ക് നൽകുന്നത്. ആഗോള വ്യോമയാന കേന്ദ്രമെന്നനിലയിൽ രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതാണ് പുതിയകണക്കുകൾ. വിനോദസഞ്ചാരം, വ്യാപാരം, തൊഴിൽ എന്നീ മേഖലകൾക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും ഈ നേട്ടം വലിയസംഭാവനകൾ നൽകുന്നുണ്ട്. ദേശീയ വിമാനക്കമ്പനികളുടെ മികച്ചപ്രകടനവും നേട്ടം കൈവരിക്കുന്നതിൽ നിർണായകമായിട്ടുണ്ട്.\