ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി യുഎസ് പ്രസിഡന്റിന്റെ പ്രചാരണം ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനും, സൈബർ ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി മൂന്ന് ഇറാൻ സ്വദേശികൾക്കെതിരെ നടപടി സ്വീകരിച്ച് അമേരിക്കയിലെ ഗ്രാൻഡ് ജൂറി. ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് നീക്കം.
ട്രംപിന്റെ പ്രചാരണ ചുമതലയുള്ള സംഘത്തിലെ അംഗങ്ങളെയാണ് ഹാക്കർമാർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വേണ്ടി ഹാക്കിംഗ് ഓപ്പറേഷൻ നടത്താൻ കഴിഞ്ഞ ഒരു വർഷത്തോളമായി മൂന്ന് പ്രതികളും മറ്റ് ഹാക്കർമാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായും യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലന്റ് പറഞ്ഞു. ഇറാനെ പോലെ തന്നെ അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന വേറെയും രാജ്യങ്ങളുണ്ടെന്ന് ആരുടേയും പേര് പരാമർശിക്കാതെ അറ്റോർണി ജനറൽ വിമർശിച്ചു.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പല രേഖകളും ഇറാന് വേണ്ടി ചോർത്തിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മോഷ്ടിച്ച രേഖകൾ ഇവർ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് കൈമാറി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമലാ ഹാരിസ് നാമനിർദേശം ചെയ്യപ്പെടുന്നതിന് മുൻപായിരുന്നു ഈ സംഭവം നടന്നത്.
ട്രംപിന്റെ പ്രചാരണ പരിപാടികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അവർ മനപൂർവ്വം ശ്രമങ്ങൾ നടത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് ഗാർലന്റ് ചൂണ്ടിക്കാണിച്ചു. ട്രംപിന്റെ പ്രസിഡൻഷ്യൽ ക്യാമ്പെയ്ന്റെ ഭാഗമായ ഒരു ഉന്നത ഉദ്യോഗസ്ഥന് 2024 ജൂണിൽ ഇറാനിയൻ ഹാക്കർമാർ ഒരു ഹാക്കിങ് മെയിൽ അയച്ചതായി മൈക്രോസ്ഫോറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരു വിദേശരാജ്യമല്ല അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കുന്നതെന്നും, സർക്കാരിന്റെ സന്ദേശം വ്യക്തമാണെന്നും ഗാർലന്റ് പറയുന്നു. എന്നാൽ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ എത്രത്തോളം വിജയിച്ചുവെന്നോ, ഏത് ഉദ്യോഗസ്ഥരെയാണ് ഇറാനിയൻ സംഘം ലക്ഷ്യമിട്ടതെന്നോ ഉള്ള വിവരങ്ങൾ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.