ശ്രീനഗർ: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ 2016ൽ നടത്തിയ ഉറി സർജിക്കൽ സ്ട്രൈക്ക് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെടിയുണ്ടകൾക്ക് ബിജെപി സർക്കാർ ഷെല്ലുകൾ ഉപയോഗിച്ച് മറുപടി നൽകിയപ്പോൾ മറുവശത്തെ ആളുകൾക്ക് ബോധം വന്നെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് സെപ്റ്റംബർ 28 ആണ്. 2016 സെപ്റ്റംബർ 28ന് രാത്രിയണ് സർജിക്കൽ സ്ട്രൈക്ക് നടന്നത്. ഇത് പുതിയ ഭാരതമാണെന്ന് ഇന്ത്യ ലോകത്തോട് വിളിച്ചു പറഞ്ഞു. തീവ്രവാദികളെ അവരുടെ വീട്ടിൽ കടന്ന് ചെന്ന് വധിക്കും. എന്തെങ്കിലും സംഭവിച്ചാൽ മോദി അവരെ നരകത്തിൽ പോലും കണ്ടെത്തുമെന്ന് തീവ്രവാദ യജമാനന്മാർക്ക് അറിയാം,” മോദി പറഞ്ഞു.
പാകിസ്താനോട് മൃദുസമീപനം സ്വീകരിക്കുന്ന കോൺഗ്രസിനെയും പ്രതിപക്ഷപാർട്ടികളെയും അദ്ദേഹം വിമർശിച്ചു. പാകിസ്താൻ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോൾ കോൺഗ്രസ് വെള്ളക്കൊടി വീശുകയായിരുന്നെന്നും മോദി ആരോപിച്ചു.
സെപ്റ്റംബർ 18 ന് കശ്മീരിലെ ഉറിയിലെ സൈനിക താവളത്തിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 19 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനുമറുപടിയായി ഇന്ത്യൻ സൈന്യം 2016 സെപ്തംബർ 28-ന് രാത്രി പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾക്ക് നേരെ സർജിക്കൽ സ്ട്രൈക്ക് നടത്തി. ഇന്ത്യ നൽകിയ തിരിച്ചടി രാജ്യവ്യപകമായി പ്രശംസിക്കപ്പെട്ടിരുന്നു.