ടെഹ്റാൻ: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ എക്സിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകി ഇറാൻ സുപ്രീംലീഡർ. നസറുള്ളയുടെ വധം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തിന്റെ പരമോന്നത നേതാവ് താമസസ്ഥലം മാറുകയും സുരക്ഷ പതിന്മടങ്ങായി വർദ്ധിപ്പിക്കുകയം ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സുപ്രീംലീഡർ ആയത്തുള്ള അലി ഖമേനി സന്ദേശം നൽകിയിരിക്കുന്നത്. ഹിസ്ബുള്ളയെ തകർക്കാൻ മാത്രം സയണിസ്റ്റുകൾ വളർന്നിട്ടില്ലെന്നായിരുന്നു ഖമേനിയുടെ വാക്കുകൾ.
ലെബനനിൽ ഹിസ്ബുള്ളയുടെ ശക്തമായ ഘടനയാണുള്ളത്. അതിന് കാര്യമായ കേടുപാടുകൾ വരുത്താൻ മാത്രം വലുതായിട്ടില്ലെന്ന് സയണിസ്റ്റ് കുറ്റവാളികൾ അറിയണം. ഹിസ്ബുള്ളയെ തകർക്കാൻ മാതം നിങ്ങളില്ല, അത്രയും ചെറുതാണ് സയണിസ്റ്റുകൾ. മേഖലയിലെ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഹിസ്ബുള്ളയ്‌ക്കൊപ്പം നിലകൊള്ളുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് ഇറാൻ സുപ്രീം ലീഡർ പറഞ്ഞു. കുറേ സ്ത്രീകളെയും കുട്ടികളെയും കൊന്നതുകൊണ്ട് മാത്രം ശക്തമായ സംഘടനയെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ദൈവം ഇച്ഛിച്ചാൽ, ശത്രുവിനെ ലെബനൻ പാഠം പഠിപ്പിക്കുമെന്നും ഖമേനി കൂട്ടിച്ചേർത്തു.
അതേസമയം നസറുള്ളയെ ഇല്ലാതാക്കിയ ബെയ്റൂട്ട് വ്യോമാക്രമണത്തിന് ഇസ്രായേൽ പേരുനൽകി. ഹിസ്ബുള്ള തലവനെ ഇല്ലാതാക്കിയ ഇസ്രായേലി സൈനിക ഓപ്പറേഷൻ ഇനിമുതൽ “New Order” എന്ന് അറിയപ്പെടുമെന്ന് പ്രതിരോധസേന അറിയിച്ചു.