യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ വച്ച് കാണാതായ പൂച്ച രണ്ട് മാസത്തിനു ശേഷം ഉടമയുടെ അടുത്തേക്ക് തിരിച്ചെത്തി. ഇതിൽ എന്താ ഇത്ര പുതുമയെന്നല്ലേ, 1,200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് രണ്ടരവയസുള്ള സിയാമീസ് ഇനത്തിൽപെട്ട പൂച്ച റെയിൻ ബ്യൂ തന്റെ ഉടമകളുടെ അടുക്കൽ തിരിച്ചെത്തിയത്. പൂച്ചയുടെ കഴുത്തിൽ ഘടിപ്പിച്ച മൈക്രോചിപ്പാണ് അവനെ തിരികെയെത്താൻ സഹായിച്ചത്.
കാലിഫോർണിയയിലെ സൂസന്ന-ബെന്നി ആംഗ്യനോ ദമ്പതികളുടെ പൂച്ചയാണ് റെയിൻ ബ്യൂ. ഇവർ ജൂൺ 4 ന് യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് റെയിൻ ബ്യൂവിനെ കാണാതാകുന്നത്. എന്തോ കണ്ട് ഞെട്ടിയ പൂച്ച കാട്ടിലേക്ക് പാഞ്ഞുകയറി. സൂസന്നയും ബെന്നിയും തെരഞ്ഞു ചെന്നെങ്കിലും കണ്ടെത്താനായില്ല. റെയ്ൻ ബ്യൂവിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് അവനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തങ്ങളുടെ ഓമന വളർത്തുമൃഗത്തെ നഷ്ടപ്പെട്ട വിഷമം മാറാൻ അവ റെയിൻ ബ്യൂവിന്റെ ഇരട്ട സഹോദരിയായ സ്റ്റാറിന് കൂട്ടായി മറ്റൊരു പൂച്ചയെ ദത്തെടുത്തു. നീണ്ട രണ്ട് മാസത്തിനുശേഷം ഒരുനാൾ റെയ്ൻ ബ്യൂവിന്റെ മൈക്രോചിപ്പ് ഐഡൻ്റിഫിക്കേഷൻ നമ്പറുമായി പൊരുത്തപ്പെടുന്ന ഒരു പൂച്ചയെ കണ്ടെത്തിയതായി ബെന്നിക്ക് അറിയിപ്പ് ലഭിച്ചു. വീട്ടിൽ നിന്ന് ഏകദേശം 190 മൈൽ അകലെ കാലിഫോർണിയയിലെ റോസ്‌വില്ലെയിലാണ് ബെന്നി പൂച്ചയെ കണ്ടെത്തിയത്. വ്യോമിംഗിൽ നിന്ന് റോസ്‌വില്ലെയിലേക്കും പിന്നീട് സലീനാസിലേക്കും 1,000 മൈലിലധികം ദൂരം പൂച്ച യാത്ര ചെയ്തു. ഇതാണ് വീട്ടുകാരെ അമ്പരപ്പിച്ചത്.















